ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് ഭീഷണി കുറഞ്ഞതായി സി.ആര്‍.പി.എഫ്
കൊച്ചി: സേനാവിഭാഗങ്ങളുടെ സംയുക്ത നീക്കത്തെതുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി കുറഞ്ഞതായി സി.ആര്‍.പി.എഫ്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സേനകളുടെ സംയുക്ത യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗാ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റുകളുടെ ശക്തി കുറഞ്ഞുതുടങ്ങിയതായി ദുര്‍ഗാ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. പരിശോധന കര്‍ശനമായതോടെയാണ് ആക്രമണങ്ങള്‍ കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളിച്ച യോഗമാണ് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നത്. സി.ആര്‍.പി.എഫിന് പുറമെ ആന്ധ്ര, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ ഇന്റലിജന്റ്‌സ്, ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തു. സി.ആര്‍.പി.എഫ് എ.ഡി.ജി.പി കെ വിജയകുമാര്‍, എ.ഡി.ജി.പി ബി സന്ധ്യ, എറണാകുളം റേഞ്ച് ഐ.ജി എസ് ശ്രീജിത്ത്, കണ്ണൂര്‍ ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
സായുധസേന നടപടി ശക്തമാക്കി; മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് ഉള്‍വലിഞ്ഞു
കാളികാവ്: കരുളായി വനമേഖലയില്‍ സായുധ പോരാട്ടം നടത്തിയ മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് ഉള്‍വലിഞ്ഞതായി സൂചന. പൊലിസിന്റെ പഴുതടച്ചുള്ള നടപടിയെ തുടര്‍ന്നാണ് മാവോയിസ്റ്റുകള്‍ ഒളിപ്പോരിന് പോലും തയാറാകാതെ ഉള്‍വലിഞ്ഞിട്ടുള്ളത്. കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് ആദിവാസി കോളനിയില്‍ പൊലിസുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മാവോയിസ്റ്റുകള്‍ പിന്നീട് ഒരു ആക്രമണത്തിന് മുതിര്‍ന്നിട്ടില്ലെന്നത് ഇതാണ് കാണിക്കുന്നതെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംഭവത്തോടെ വനമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ശക്തമായ സായുധ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂക്കോട്ടുംപാടം പൊലിസ് സ്റ്റേഷനു കീഴിലെ പാട്ടക്കരിമ്പില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ ഔട്ട് പോസ്റ്റില്‍ 13 സായുധസേനാ അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണവും നിലവിലുണ്ട്.
മുണ്ടക്കടവ് കോളനിയിലെ വെടിവെപ്പിനു ശേഷം അട്ടപ്പാടി വനമേഖലയിലെ അഗളിയില്‍ മാവോയിസ്റ്റുകളെ കണ്ടതായി പ്രചാരണമുണ്ടായിരുന്നെങ്കിലും പൊലിസ് ഇത് മുഖവിലക്കെടുത്തില്ല. തെറ്റായ പ്രചാരണങ്ങള്‍ നടത്തി ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം മാത്രമായിട്ടാണ് പൊലിസ് ഇതിനെ കണ്ടത്. മുന്‍കാലങ്ങളിലുണ്ടായ പിഴവ് തിരുത്തിയുള്ള നടപടി ഫലപ്രദമാണെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.
ആദിവാസികളുടെ പിന്തുണ പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കാത്തതിനാല്‍ മാവോയിസ്റ്റുകള്‍ക്ക് പൊലിസിനെതിരേ തുറന്ന പോര് എളുപ്പവുമല്ല. രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തതും ചടങ്ങിലെ പ്രാസംഗികരുമെല്ലാം ആദിവാസികളാണെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് പൊലിസ് തിരിച്ചറിയുക കൂടി ചെയ്തത് മാവോയിസ്റ്റുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്.
സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള പൊലിസിന്റെ പ്രവര്‍ത്തങ്ങളുടെ ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ നേരിട്ടാണ് നിലമ്പൂര്‍ വനമേഖലയിലെ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് മാവോയിസ്റ്റുകള്‍ ഉള്‍വലിഞ്ഞെങ്കിലും നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പൊലിസിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഒരു ഏറ്റുമുട്ടലിന് മാവോയിസ്റ്റുകള്‍ക്ക് കഴിയില്ലെന്നത് മാത്രമല്ല നിലമ്പൂര്‍ വനമേഖലയില്‍ തങ്ങാനും സാധ്യതയില്ലെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."