മരം കടപുഴകി വീണു; ഗതാഗതം രണ്ടുമണിക്കൂറോളം തടസപ്പെട്ടു
പരപ്പനങ്ങാടി: കോഴിക്കോട് റോഡില്‍ കൊടപ്പാളിക്കടുത്ത് റോഡരികിലെ കൂറ്റന്‍ കാഞ്ഞീരമരം റോഡിലേക്ക് കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പരപ്പനങ്ങാടി-കോഴിക്കോട് റൂട്ടിലാണ് ഗതാഗത തടസമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 5.15നാണ് സംഭവം.
മരം വീണ ശബ്ദം കേട്ട് പരിസരത്ത് താമസിക്കുന്ന നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തിയത്. ഉടനെ റോഡിലേക്ക് തള്ളിനിന്നിരുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റുകയും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് ആറോടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏഴ് മണിയോടെയാണ് മരം പൂര്‍ണമായും മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കിയത്. തിരൂര്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലെ ഓഫിസര്‍മാരായ എം.കെ ഹനീഫ്, ടി.കെ മധന മോഹനന്‍, രജീഷ്,ബാബുരാജ്, നാട്ടുകാരായ ടി.വി വിവേഗ്, സാബിത്, വിശ്വനാഥന്‍, സ്വാമിനാഥന്‍, സുബൈര്‍ ചെട്ടിപ്പടി, മുഹമ്മദ് ഇഖ്ബാല്‍ നേതൃത്വം നല്‍കി. തക്കസമയത്ത് തന്നെ എത്തിയ ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും വാഹനങ്ങളിലെ ഡ്രൈവര്‍മാരും മറ്റു തൊഴിലാളികളും അഭിനന്ദിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."