അന്തേവാസികള്‍ക്ക് നവ്യാനുഭവമായി മാനസികാരോഗ്യ ദിനാചരണം
കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടി അന്തേവാസികള്‍ക്ക് നവ്യാനുഭവമായി. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ രാവിലെ കൈതപ്രം ദാമോദരന്‍ നമ്പുതിരിയുടെ സംഗീത സാന്ത്വന പരിപാടിയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷത്തോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തും. ഇതിനായി 300 കോടിരൂപയുടെ പദ്ധതി ആരംഭിക്കും. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറായിവരികയാണ്. അടുത്ത വര്‍ഷത്തോടെ പ്രവൃത്തി തുടങ്ങും. തുക 400 കോടിയായി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുനീര്‍ പറഞ്ഞു.
സാന്ത്വന സംഗീത പരിപാടിക്ക് പുറമെ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ പരിശീലനം, പൂന്തോട്ട നിര്‍മാണം എന്നിവയും സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എനര്‍ജി മാനേജ്മെന്റ് സെന്ററില്‍ നിന്ന് പരിശീലനം ലഭിച്ച വിദ്യാര്‍ഥികളാണ് ബള്‍ബ് നിര്‍മാണത്തിന് പരിശീലനം നല്‍കിയത്.
ചടങ്ങില്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന് അധ്യക്ഷനായി. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."