ഗെയില്‍: ഒന്നാംഘട്ടം പൂര്‍ത്തിയായി
മുക്കം: സംസ്ഥാനത്ത് ഏഴ് ജില്ലകളിലൂടെ കടന്ന് പോവുന്ന നിര്‍ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനിന്റെ ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയായി.രണ്ടാം ഘട്ടത്തിന്റെ പ്രാരംഭ സര്‍വേ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 503 കിലോമീറ്റര്‍ പൈപ്പ്‌ലൈനാണ് സ്ഥാപിക്കേണ്ടത്.
ഇതുമായി ബന്ധപ്പെട്ട സര്‍വേ നടപടികളും പി.എം.പി ആക്ടിലെ സെക്ഷന്‍ 6 (1) പ്രകാരമുളള ഗസ്റ്റ് വിജ്ഞാപനവും ഗെയില്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസിന്റെ ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടി നല്‍കിയത്.
പദ്ധതിയുടെ മഹസര്‍ തയാറാക്കുന്ന നടപടികള്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഏകദേശം പൂര്‍ത്തിയായതായും മുഖ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് മഹസര്‍ തയാറാക്കുന്ന നടപടികള്‍ തടസ്സപ്പെട്ടത്. എന്നാല്‍ ഈ രണ്ട് ജില്ലകളിലും ജനങ്ങളുടെ എതിര്‍പ്പുമൂലം നിര്‍ത്തിവച്ചിരുന്ന സര്‍വേ നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുവാനുളള ഭൂമിയുടെ അളവെടുപ്പും പദ്ധതി കടന്നു പോകുന്ന 503 കിലോമീറ്ററില്‍ 386 കിലോമീറ്ററും പൂര്‍ത്തിയാക്കി. ഇത് 77 ശതമാനത്തോളം വരും.എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി കോണ്‍ട്രാക്ടറെ നിയമിക്കുകയും മറ്റു ജില്ലകളില്‍ പൈപ്പ് സ്ഥാപിക്കാന്‍ പുനര്‍ ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു.
പദ്ധതിക്കാവശ്യമായ പൈപ്പുകള്‍, വാല്‍വുകള്‍ മുതലായവ ഗെയിലിന്റെ വിവിധ സ്റ്റോറേജ് യാര്‍ഡുകളില്‍ എത്തിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അഞ്ച് ഐ.പി സ്റ്റേഷനുകളും 26 എസ്.വി സ്റ്റേഷനുകള്‍ക്കുമായി സ്ഥിരമായി ഭൂമി ഏറ്റെടുക്കണം. ഇതില്‍ 18 എസ് വി സ്റ്റേഷനുകള്‍ക്കായി ഭൂമി ഗെയില്‍ ഏറ്റെടുത്തു. ബാക്കിയുളളവക്കായി ഭൂമിയേറ്റെടുക്കുന്ന ജോലികള്‍ പുരോഗമിച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ രണ്ടാം വാരത്തോടെ പുനരാരംഭിച്ച് ഒന്നര വര്‍ഷത്തിനകം ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സംസ്ഥാനത്ത് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം.അതേസമയം ജനവാസ മേഖലകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ ജനങ്ങള്‍ക്കുളള ആശങ്ക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതി സുരക്ഷയെ സംബന്ധിച്ച് യാതൊരു രീതിയിലും ആശങ്ക ആവശ്യമില്ലെന്നും വിഷയത്തില്‍ ശാസ്ത്രീയമായി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തിയതാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."