എടച്ചേരിയില്‍ ബോംബ് പൊട്ടി ഗൃഹനാഥന് പരുക്കേറ്റു
എടച്ചേരി/പുറമേരി: എടച്ചേരിയില്‍ വീട്ടുപരിസരത്ത് ബോംബ് പൊട്ടി ഗൃഹനാഥന് പരുക്കേറ്റു. തലായി കാരക്കോത്ത് മുക്കില്‍ ചുണ്ടര്‍ കണ്ടിയില്‍ കുഞ്ഞബ്ദുല്ലയ്ക്കാണ് പരുക്കുപറ്റിയത്. വീടിനു മുന്നില്‍ വടകര കുറ്റ്യാടി റോഡിനോട് ചേര്‍ന്നു കിടക്കുന്ന ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. ഗേറ്റിനോട് ചേര്‍ന്നുള്ള സ്ഥലത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റുന്നതിനിടയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബ് മാറ്റുന്നതിനിടെ കൈയില്‍ നിന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബിന്റെ ചീളുകള്‍ തറച്ച് കാലിന് പരുക്കേറ്റ കുഞ്ഞബ്ദുല്ലയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. നാട്ടുകാര്‍ വിവരമിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്നും എടച്ചേരിയില്‍ നിന്നും പൊലിസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. സമീപകാലങ്ങളിലായി തൂണേരിയില്‍ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നാദാപുരത്തും പരിസരങ്ങളിലും നിരവധി അക്രമസംഭവങ്ങള്‍ നടന്നിരുന്നുവെങ്കിലും എടച്ചേരി ശാന്തമായിരുന്നു. ഇവിടെ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം കുറ്റിച്ചെടികള്‍ക്കിടയില്‍ സ്റ്റീല്‍ ബോംബ് ഒളിപ്പിച്ചതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."