ഫോണ്‍ റേഡിയേഷന്‍ കാന്‍സര്‍ വരുത്തില്ല; കമ്പനിചാര്‍ജര്‍ തന്നെ ഉപയോഗിക്കണമെന്നില്ല
സ്മാര്‍ട്ട് ഫോണുകളെ കുറിച്ചുള്ള തെറ്റിധാരണകള്‍ ഒരുപാടുണ്ട്. എന്നാല്‍ ഇതൊക്കെയാണ് ശരി
1) കൂടുതല്‍ റാം ഉള്ള ഫോണുകള്‍ക്ക് നല്ല പ്രവര്‍ത്തനശേഷിയുണ്ടാകും
സാധാരണഗതിയില്‍ ആന്‍ഡ്രോയിഡ് യൂസേഴ്‌സിനിടയില്‍ ഉള്ള ഒരു വിശ്വാസമാണിത്. പക്ഷേ വെറും 1 GB യും, 2 GB യും മാത്രം റാം ഉള്ള ഐഫോണുകള്‍ പലപ്പോഴും 4 GB യും, 6 GB യും റാമുള്ള ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. എന്നു പറഞ്ഞാല്‍ കൂടുതല്‍ റാം ഉള്ള ഫോണുകള്‍ വില കൊടുത്തു വാങ്ങുന്നതില്‍ വലിയ കാര്യമില്ല എന്നര്‍ഥം.
2) മെഗാപിക്‌സല്‍ കൂടുന്നതനുസരിച്ച് കാമറ ക്ലാരിറ്റി കൂടും
കാമറകളെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണയാണിത്. ഒരു കാമറയിലെടുക്കുന്ന ചിത്രങ്ങളുടെ ഗുണനിലവാരം അതിലുപയോഗിച്ചിരിക്കുന്ന ഇമേജ് സെന്‍സറിന്റെ വലുപ്പത്തെയും ലെന്‍സിന്റെ നിലവാരത്തെയും ഐഎസ്ഒ ശേഷിയേയും ആശ്രയിച്ചിരിക്കും. സെന്‍സറിന്റെ നിലവാരം കൂടുന്നതനുസരിച്ച് ചിത്രത്തിന്റെ മേന്‍മയും വര്‍ധിക്കും. പലപ്പോഴും ഒരു 8 മെഗാപിക്‌സല്‍ കാമറ 13 മെഗാപിക്‌സല്‍ കാമറയേക്കാള്‍ മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്റെ കാരണമിതാണ്.
3) കമ്പനി ചാര്‍ജറുകള്‍ അല്ലാതെ മറ്റൊരു ചാര്‍ജര്‍ ഉപയോഗിക്കരുത്
നിങ്ങള്‍ ഏത് കമ്പനിയുടെ ചാര്‍ജര്‍ ഉപയോഗിച്ചാലും ഫോണിന്റെ ബാറ്ററി ചാര്‍ജ്ജായിക്കോളും. കമ്പനികള്‍ മാറുന്നതനുസരിച്ച് ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം എന്നു മാത്രം.
4) മള്‍ട്ടികോര്‍ പ്രൊസസര്‍ മികച്ച പ്രവര്‍ത്ത മികവു നല്‍കും
പ്രൊസസറിന്റെ കോര്‍ കൂടുന്നതനുസരിച്ച് പ്രവര്‍ത്തന മികവു കൂടുമെന്ന് പ്രതീക്ഷിക്കേണ്ട. കോറുകളുടെ എണ്ണമോ ക്ലോക്ക് സ്പീഡോ മാത്രം നോക്കി ഒരു ഫോണിന്റെ പ്രവര്‍ത്തനശേഷി നമുക്ക് വിലയിരുത്താനാവില്ല. കൊടുക്കുന്ന ജോലികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കാര്യക്ഷമമായി ചെയ്തു തീര്‍ക്കുന്നിടത്താണ് ഒരു പ്രൊസസ്സറിന്റെ മികവ് കിടക്കുന്നത്. ഉദാഹരണമായി രണ്ടു കോറുള്ള ഐഫോണ്‍ 6S ന്റെ പ്രൊസസ്സിംഗ് ശേഷി 8 കോറുള്ള സാംസംഗിന്റെ S6 നേക്കള്‍ പലപ്പോഴും മുന്നിലാകുന്നതിന്റെ കാരണവും ഇതു തന്നെയാണ്.
5) ഫോണില്‍നിന്നുള്ള റേഡിയേഷന്‍ കാന്‍സറിനു കാരണമാകുന്നു
ഫോണിന് റേഡിയേഷന്‍ ഉള്ളതുകൊണ്ട് അത് പാന്റിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റില്‍ സൂക്ഷിക്കരുത് എന്ന ഒരു വാദഗതി നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ ദോഷകരമായി ബാധിക്കുമെന്ന് ഇതുവരെ ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കൂടാതെ എല്ലാ ബ്രാന്‍ഡഡ് ഫോണുകളും കര്‍ശനമായ SAR ടെസ്റ്റ് (അനുവദിക്കുന്ന അളവിലും കുടുതല്‍ റേഡിയേഷന്‍ പുറത്തുവിടുന്നില്ല എന്നുറപ്പിക്കാനുള്ള ടെസ്റ്റ് ) കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്.
6) ഫാക്റ്ററി റീസെറ്റ് ചെയ്താല്‍ എല്ലാ ഡാറ്റയും മാഞ്ഞു പോകും
ഭൂരിഭാഗം ആളുകളും ഫാക്റ്ററി റീസെറ്റ് ചെയ്താണ് ഫോണ്‍ വില്‍ക്കാറ്. പക്ഷേ ഫാക്റ്ററി റീസെറ്റ് ചെയ്താലും പിന്നീടു ഫോണില്‍നിന്ന് എല്ലാ വിവരങ്ങളും വീണ്ടെടുക്കാം. റിക്കവറി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ് നഷ്ടപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കുന്നത്. ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്തതിനു ശേഷം മാത്രം റീസെറ്റ് ചെയ്യുക എന്നതു മാത്രമാണ് ഇതിനുള്ള പോംവഴി.
7) ടാസ്‌ക് കില്ലര്‍ അപ്ലിക്കേഷനുകള്‍ ഫോണിന്റെ വേഗത വര്‍ധിപ്പിക്കും
ഇതും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കിടയിലുള്ള ഒരു തെറ്റിദ്ധാരണയാണ്. ആന്‍ഡ്രോയിഡ് ഫോണില്‍ റീസെന്റായി തുറന്ന അപ്ലിക്കേഷനുകള്‍ സാധാരഗതിയില്‍ ബാക്ക്ഗ്രൗണ്ടില്‍ സൂക്ഷിക്കുകയാണ് പതിവ്. പക്ഷെ ഇവയെല്ലാം തന്നെ ആ സമയത്ത് കാര്യമായ മെമ്മറി പ്രയോജനപ്പെടുത്താത്ത ഒരു നിഷ്‌ക്രിയ അവസ്ഥയില്‍ ആയിരിക്കും. അതുകൊണ്ടു ഇവയൊന്നും തന്നെ ഏതെങ്കിലും കൃത്രിമ മാര്‍ഗ്ഗമുപയോഗിച്ചു നീക്കം ചെയ്യേണ്ട ആവശ്യമില്ല. എന്നു പറഞ്ഞാല്‍ അപ്ലിക്കേഷന്‍ കില്ലര്‍ ഫോണിന്റെ വേഗത കൂട്ടുകയല്ല മറിച്ചു കുറയ്ക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."