ജൈവപച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച് ദമ്പതികള്‍
കയ്പമംഗലം: ജൈവപച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്‌തെടുത്തു മാതൃകയാവുകയാണ് കുട്ടമംഗലം പുതിയവീട്ടില്‍ യൂസുഫും ഭാര്യ മുംതാസും. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ തീര്‍ത്തും ജൈവരീതിയില്‍ കൃഷി ചെയ്തു കാര്‍ഷിക മേഖലയില്‍ വേറിട്ട മാതൃക തീര്‍ക്കുകയാണ് ഇവര്‍.
വീടിനോടു ചേര്‍ന്നുള്ള സ്ഥലത്തെ കൃഷിയില്‍ നിന്നു കുക്കുമ്പര്‍, പയര്‍, കൈപ്പ എന്നിവയാണ് വിളവെടുക്കുന്നത്. പുറമെ സ്വദേശിയും വിദേശിയുമായ 65 ഇനം മാവുകളും വിവിധ തരം വാഴകള്‍, മുളകുകള്‍, പയറുകള്‍, കൊള്ളി, കൂര്‍ക്ക, തക്കാളി, കോവക്ക, പാഷന്‍ ഫ്രൂട്ട്, ചാമ്പ, ലൂബി, നെല്ലി എന്നിവയും ഈ മാതൃകാ ദമ്പതികളുട കൃഷിയിടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
രണ്ടു ഏക്കറോളം സ്ഥലമാണ് ഇവര്‍ ഇതിനായി ഉപയോഗപ്പെടുത്തിയത്. വീടിനോടു ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍ ഒട്ടേറെ മത്സ്യങ്ങളും വളര്‍ത്തുന്നുണ്ട്.
ഗ്രാമപഞ്ചായത്തില്‍ നിന്നും മികച്ച കൃഷിക്കുള്ള അവാര്‍ഡും ഈ കര്‍ഷക ദമ്പതികളെ തേടിയെത്തിയിരുന്നു. ജൈവകൃഷിയില്‍ നൂറുമേനി വിജയം സ്വന്തമാക്കിയ ഇവരുടെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വാര്‍ഡംഗം സലീം വലിയകത്ത്, സൈനുദ്ദീന്‍ മാസ്റ്റര്‍, ഷെമീര്‍ എളേടത്ത്, ഷാജി അമ്പലത്ത്, ഷക്കീര്‍ എ.എം.എസ്, ബഷീര്‍ പി.പി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."