വിഷരഹിത പച്ചക്കറിയുമായി 'ഗ്രാമശ്രീ 'യുവകൂട്ടായ്മ
പൂച്ചാക്കല്‍: വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഗ്രാമശ്രീ എന്ന കൂട്ടായ്മയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൃഷിക്ക് നൂറ് മേനി.
നാട്ടില്‍ വിഷരഹിത പച്ചക്കറിക്കായി ശ്രമിക്കുന്ന കര്‍ഷകരുട പ്രവര്‍ത്തനം കണ്ടാണ് പളളിപ്പുറം ശാന്തിക്കവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗ്രാമശ്രീ കൂട്ടായ്മ കൃഷി നടത്തി നൂറ് മേനി വിളയിയിച്ചത്. ഒരേക്കര്‍ ഭുമി പാട്ടത്തിനെടുത്ത് അവിടെ പടവലം, പാവല്‍, പയര്‍ എന്നിവയുടെ വിത്ത് പാകി.തുടക്കത്തില്‍ കീടങ്ങളുടെയും പുഴുക്കളുടെയും ഉപദ്രവം കൃഷിയെ സാരമായി ബാധിച്ചെങ്കിലും പ്രസിഡന്റ് പി.സി.അശോകന്‍ സെക്രട്ടറി പി.ആര്‍.അജി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രാമശ്രീ കൂട്ടായിമയിലെ 11 അംഗങ്ങള്‍ പിന്നോട്ട് മാറിയില്ല.
പരിചയസമ്പന്നരായ മുതിര്‍ന്ന കൃഷിക്കാരുടെയും തൈക്കാട്ടുശേരി കൃഷി ഓഫിസറുടെയും സമയോചിതമായ നിര്‍ദേശങ്ങളും പ്രോല്‍സാഹനവും കൂടിയായപ്പോള്‍ അംഗങ്ങളുടെ പരിശ്രമത്തിന് ഫലം കണ്ടു.പൂച്ചാക്കല്‍, പളളിച്ചന്ത, ഒറ്റപ്പുന്ന തുടങ്ങിയ മാര്‍ക്കറ്റുകളിലും സമീപത്തെ ചെറിയ കടകളിലും ഇപ്പോള്‍ പച്ചക്കറികള്‍ എത്തിച്ചു കൊടുത്ത് വില്‍പ്പന നടത്തുന്നുണ്ട്. കൂടാതെ രാവിലെ വിളവെടുക്കുന്ന സമയത്തും ആവശ്യക്കാര്‍ക്ക് കൃഷിയിടത്തില്‍ വെച്ചും പച്ചക്കറികള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ വിപണിയില്‍ വേണ്ടത്ര വില ലഭിക്കുന്നില്ലയെന്നും നാട്ടിന്‍ പുറങ്ങളിലെ ചെറിയ കൃഷി തോട്ടങ്ങളില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് കൃഷി ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിപണനം ചെയ്താല്‍ മാത്രമേ പുതിയ കര്‍ഷകര്‍ മുന്നോട്ടു വരുകയുളളു എന്നാണ് ഗ്രാമ ശ്രീയിലെ അംഗങ്ങള്‍ പറയുന്നത്. കൃഷിയില്‍ നിന്നും ഞങ്ങള്‍ പിന്നോട്ട് മാറാതെ അടുത്ത കൃഷി തുടങ്ങുന്നതിനായുളള തയ്യാറെടുപ്പിലാണ് ഗ്രാമശ്രീ കൂട്ടായ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."