കാലാവസ്ഥാ വ്യതിയാനം: അഗസ്ത്യ വനത്തിലെ ഈറ്റക്കാടുകള്‍ നാശത്തിലേക്ക്
പേപ്പാറ: കാലാവസ്ഥാ വ്യതിയാനം വനത്തിലെ സമ്പന്നമായ ഈറ്റക്കാടുകളേയും ബാധിക്കുന്നു. ജൈവവൈവിധ്യമേഖലയായ അഗസ്ത്യവനത്തിലെ ഈറ്റക്കാടുകള്‍ ഒന്നൊന്നായി നാശത്തിന്റെ വക്കിലേക്ക് നടന്നടുക്കുകയാണ്.
ഒക്‌ലാന്‍ട്ര ട്രാവന്‍കോറിക്ക എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈറ്റകളുടെ വംശനാശം വന്‍ വിപത്തുകള്‍ക്കാണ് വഴി തെളിക്കുക എന്ന് ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ പറയുന്നു. തിരുവന്തപുരത്തെ അഗസ്ത്യവനം, അടുത്തു കിടക്കുന്ന തമിഴ്‌നാട്ടിലെ കളക്കാട് കടുവാ സങ്കേതം, കുളത്തൂപ്പുഴ, പാലോട്, ബോണക്കാട് എന്നിവിടങ്ങളിലെ സമ്പന്നമായ ഈറ്റക്കാടുകള്‍ നശിക്കുകയാണ്. അണക്കെട്ടുകളുടെ പരിസരത്തും ഉയര്‍ന്ന ഭാഗങ്ങളിലും തഴച്ചു വളരുന്ന ഈറ്റകളാണ് ഇല്ലാതെയായി വരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 7000 അടി ഉയരമുള്ള അഗസ്ത്യമുടിയിലെ ഈറ്റകള്‍പോലും ഉണങ്ങി. ഇവ വീണ്ടും മുളപൊട്ടി വളരുന്നുമില്ല. ഈറ്റകള്‍ പുഷ്പിക്കുന്ന സീസണ്‍ ഒക്ടോബര്‍ മുതലാണ്. എന്നാല്‍ അതിന്റെ ഒരു ലക്ഷണവും ഇത്തവണ കാണിക്കുന്നില്ല. ഇത് ഈറ്റക്കാടുകളുടെ നാശത്തിന്റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു.
വന പ്രദേശത്ത് 1500 മില്ലീമീറ്റര്‍ എങ്കിലും മഴ കിട്ടുന്ന ഭാഗത്തേ ഈറ്റ വളരൂ. മഴയും മിതമായ വേനലും വേണം. മാത്രമല്ല വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരിനം അമീബകളും രൂപപ്പെട്ടുവരണം. ഈ സാഹചര്യങ്ങള്‍ ഇല്ലാതാകുമ്പോള്‍ ചെടികള്‍ നശിക്കുമെന്ന് 2013 ല്‍ അപകടഭീഷണി നേരിടുന്ന സസ്യ ഇനങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പഠന സംഘം തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കാടുകള്‍ നശിച്ചു വരുന്നതും കാട്ടില്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും ഈറ്റകാടുകളുടെ നാശത്തിന്റെ കാരണമാകുമെന്ന് അന്ന് തന്നെ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ആഗോള താപനവും ഇതിന് കാരണമാകാം.
അന്തരീക്ഷ താപനില നിര്‍ണയിക്കുന്നതില്‍ ഒരു പങ്ക് ഈറ്റകള്‍ക്കുണ്ട്. വനത്തിലെ ഇക്കോ സിസ്റ്റത്തിന്റെ പ്രധാന ഘടകമായ ഈറ്റകള്‍ നശിക്കുന്നത് വരാന്‍ പോകുന്ന കൊടിയ വരള്‍ച്ചയുടേയും ഭക്ഷ്യ ക്ഷാമത്തിന്റെയും കാടിന്റെ നാശത്തിന്റെയും സൂചകങ്ങളാണെന്ന് പഠനത്തില്‍ പറഞ്ഞിരുന്നതാണ്. ഈറ്റ ഭക്ഷണമാക്കുന്നവന്യജീവികള്‍ നാട്ടിലിറങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല ഈറ്റയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതവും വഴി മുട്ടുമെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."