ഭരണവും പാര്‍ട്ടിയും പിടിച്ചടക്കാന്‍ ഗൂഢാലോചന: ശശികല പുഷ്പ എം.പി
കൊയമ്പത്തൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഗുരുതരമായ രോഗത്തില്‍ എത്തിച്ച സംഭവത്തെപറ്റി സി.ബി.ഐ അന്വേഷണം വേണമെന്ന് അണ്ണാ ഡി.എം.കെയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജ്യസഭാംഗം ശശികല പുഷ്പ എം.പി . പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജയലളിതയുടെ രോഗത്തിലും ചികിത്സയിലും ഒട്ടേറെ ദുരൂഹതകളുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ശശികല പുഷ്പ ആവശ്യപ്പെട്ടു.
ഡല്‍ഹി വിമാനത്താവളത്തില്‍ ഡി.എം.കെ എം.പി തിരുച്ചിശിവയെ കരണത്തടിച്ചതിന്റെ പേരിലാണ് ശശികല യെ അണ്ണാ ഡി.എം.കെയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തത്. തന്റെ സസ്‌പെന്‍ഷന്‍ നടപടിക്കു പിന്നില്‍ ജയലളിതയുടെ തോഴി ശശികലയും കുടുംബവുമാണെന്നു അന്ന് ശശികല പുഷ്പ ആരോപിച്ചിരുന്നു. ജയലളിതയുമായി ഏറ്റവും അടുത്തബന്ധം പുലര്‍ത്തിയിരുന്ന തന്നെ അകറ്റിനിര്‍ത്താന്‍ ശശികലയും കുടുംബവും കളിച്ചതാണെന്നും ശശികല പുഷ്പ കുറ്റപ്പെടുത്തിയിരുന്നു.
ചെന്നൈ മെട്രോ ട്രെയിനിന്റെ ഉദ്ഘാടനത്തില്‍ പൂര്‍ണ ആരോഗ്യവതിയായിരുന്ന ജയലളിതയ്ക്ക് പെട്ടെന്ന് മാരകമായ രോഗമുണ്ടാവാന്‍ കാരണം എന്താണെന്ന് ശശികല പുഷ്പ ചോദിച്ചു.
ഡി- ഹൈഡ്രേഷനാണ് ജയലളിതയ്ക്കുണ്ടായതെന്നാണ് തുടക്കത്തില്‍ പറഞ്ഞതെങ്കിലും പിന്നീട് പല അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. യഥാര്‍ഥത്തില്‍ ജയലളിതയ്ക്ക് എന്താണ് സംഭവിച്ചത്. അവര്‍ എന്ത് മരുന്നാണ് കഴിച്ചത്. മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണം. ഇതിനു സി.ബി.ഐ അന്വേഷണം അനിവാര്യമാണ്.
2011 ല്‍ ജയലളിതയെ പുറത്താക്കി ഭരണവും പാര്‍ട്ടി നേതൃത്വവും പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനു ശശികല ഉള്‍പ്പെടെ 16 പേരെ പാര്‍ട്ടിയില്‍നിന്നു ജയലളിത പുറത്താക്കിയിരുന്നു. ഇവരില്‍ പലരെയും അറസ്റ്റ് ചെയ്തു ജയിലിലടക്കുകയുണ്ടായി. ശശികല കരഞ്ഞു മാപ്പ് പറയുകയും തനിക്ക് ഒരു കൗണ്‍സിലര്‍ സ്ഥാനംപോലും വേണ്ടെന്നു പറയുകയും ചെയ്ത ശേഷമാണ് ഇവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. ഈ സംഘമാണ് ഇന്ന് ജയലളിതയുടെ രോഗാവസ്ഥയ്ക്ക് പിന്നിലെന്ന് ശശികല പുഷ്പ ആരോപിച്ചു.
വെറും വീഡിയോ കാസറ്റ് വില്‍പനക്കാരിയായിരുന്ന ശശികലയ്ക്ക് ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും കോടികളുടെ സ്വത്തുണ്ട്. ഇതേപറ്റിയും സി.ബി.ഐ അന്വേഷിക്കണം.
ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കുന്ന ശശികലയും കുടുംബവും മാത്രമാണ് സന്ദര്‍ശിക്കുന്നത്. ശശികല പറയുന്നതനുസരിച്ച് അപ്പോളോ ആശുപത്രി ഡോക്ടര്‍മാര്‍ ബുള്ളറ്റിനുകള്‍ ഇറക്കുകയാണ്. എന്തുകൊണ്ട് ജയലളിതയെ കാണാന്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാക്കളെയും മന്ത്രിമാരെയും വിടുന്നില്ലെന്നും അവര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."