അലെപ്പോ: യുദ്ധക്കുറ്റം യു.എന്‍ കോടതി അന്വേഷിക്കണമെന്ന് ഫ്രാന്‍സ്
പാരിസ്: സിറിയയിലെ അലെപ്പോയില്‍ റഷ്യ, സിറിയന്‍ സൈന്യങ്ങള്‍ നടത്തിയ യുദ്ധക്കുറ്റത്തെ കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണ ആവശ്യപ്പെടുമെന്ന് ഫ്രാന്‍സ്. വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോയില്‍ കഴിഞ്ഞ സെപ്തംബര്‍ മുതലാണ് റഷ്യ ആക്രമണം തുടങ്ങിയത്. റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് സിറിയന്‍ ജനതയെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനായി യുദ്ധക്കുറ്റം നടത്തുന്നവരെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അലെപ്പോയില്‍ നടക്കുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് നേരത്തെ ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു. ആശുപത്രികളെയും സാധാരണക്കാരെയും കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധം റഷ്യയ്ക്കും സിറിയക്കും എതിരേ ശക്തമാണ്.
അലെപ്പോയില്‍ ജനവാസ കേന്ദ്രങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് സിറിയന്‍ സൈന്യവും റഷ്യയും ആക്രമണം നടത്തിയത്. സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അലെപ്പോ. സിറിയന്‍ സൈന്യത്തെ സഹായിക്കാനാണ് റഷ്യന്‍ സൈന്യം സിറിയയില്‍ തങ്ങുന്നത്. ആശുപത്രികള്‍ ബോംബിട്ട് തകര്‍ക്കുകയും രാസായുധം പ്രയോഗിക്കുകയും ചെയ്തിരുന്നു.
അലപ്പോയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് അന്തരാഷ്ട്ര നിയമങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും റഷ്യ നടത്തുന്ന ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് അയ്‌റോള്‍ട്ട് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാദ് അലപ്പോയിലെ സാഹചര്യം വിലയിരുത്തുമെന്നും അയ്‌റോള്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിന്റെ നിലപാടിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കി. ഈ മാസം 19 ന് ഫ്രാന്‍സില്‍ പുതുതായി തുറക്കുന്ന ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാദുമായുള്ള ചര്‍ച്ചയുമായിരുന്നു പുടിന്റെ സന്ദര്‍ശന ലക്ഷ്യം. പുടിന്റെ വക്താവും ഫ്രാന്‍സും സന്ദര്‍ശനം റദ്ദാക്കിയ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."