ജയരാജന്റെ നടപടി അപലപനീയം: ആം ആദ്മി പാര്‍ട്ടി
കൊച്ചി:ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വ്യവസായമന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആം ആദ്മി പാര്‍ട്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി ജയരാജന്റെ നടപടി അപലപനീയവും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ് പറഞ്ഞു. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ രാഷ്ട്രീയപരമായും നിയമപരമായുമുള്ള പോരാട്ടത്തിന് ആം ആദ്മി തുടക്കം കുറിക്കും. ജയരാജനെതിരേ വിജിലന്‍സ് ഡയറക്ടര്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ശരാശരിയേക്കാളും മൂന്നുമടങ്ങ് തൊഴില്‍ രഹിതരാണ് കേരളത്തിലുള്ളത്. ഇവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനു പകരം ഉള്ള ജോലികള്‍ തന്റെ ബന്ധുക്കള്‍ക്ക് വേണ്ടി പരിമിതപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിന്നും പിന്നോട്ട് പോയതിന് കാരണം മുന്‍ കാലങ്ങളില്‍ അവരും ഇത്തരത്തില്‍ നിയമനങ്ങള്‍ നടത്തിയതിനാലാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷമുള്ള എല്ലാ നിയമനങ്ങളും പരിശോധിക്കണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ഈശ്വര്‍ജി, എറണാകുളം ജില്ലാ സെക്രട്ടറി ജെബിന്‍ ജോസഫ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."