ബന്ധുനിയമനം: സി.പി.എം കേന്ദ്രനേതൃത്വത്തിന് അതൃപ്തി
ന്യൂഡല്‍ഹി: ബന്ധുനിയമനത്തിനെതിരേ വിമര്‍ശനവുമായി സി.പി.എം കേന്ദ്രനേതൃത്വം രംഗത്ത്. കേരളത്തില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ ഞായറാഴ്ച ചേര്‍ന്ന അവൈലബിള്‍ പോളിറ്റ്ബ്യൂറോ യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ എത്രയുംവേഗം തെറ്റുതിരുത്തല്‍ നടപടികള്‍ ഉണ്ടാകണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ച പൊളിറ്റ്ബ്യൂറോ, അടിക്കടിയുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചതായി വിലയിരുത്തി. വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കാനിരിക്കേയാണ് പി.ബിയുടെ നടപടി. യോഗത്തില്‍ പി.ബി അംഗങ്ങള്‍ ആരും പങ്കെടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേരളത്തിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വംതന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കട്ടേയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. അതേസമയം ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന നിലപാട് കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല.
നിയമസഭാ സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വിവാദം കത്തിപ്പടരുന്നത് ദോഷം ചെയ്യുമെന്ന് വിലയിരുത്തിയ കേന്ദ്ര നേതൃത്വം എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയത്. ബന്ധു നിയമന വിവാദം സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത് പാര്‍ട്ടി പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലും തുടര്‍ന്ന് നടന്ന കൊല്‍ക്കത്ത പ്ലീനത്തിലും കൈകൊണ്ട തീരുമാനങ്ങളുടെ നഗ്നമായ ലംഘനമാണിത്. സ്വജനപക്ഷപാതവും നേതാക്കളുടെ വഴിവിട്ട ഇടപെടലുകളും ഉള്‍പ്പെടെയുള്ള തെറ്റുകള്‍ തിരുത്താനുള്ള തീരുമാനമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ കൈക്കൊണ്ടതെങ്കിലും തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നില്ലെന്നതിന്റെ തെളിവായാണ് കേന്ദ്രനേതൃത്വം പുതിയ വിവാദത്തെ കാണുന്നത്.
ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. നിയമനവുമായി ബന്ധപ്പെട്ട് പി.കെ ശ്രീമതി എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയകുഴപ്പത്തിനു കാരണമാക്കിയതായി കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും വിവാദം സര്‍ക്കാറിന്റെ പ്രതിഛായയെ ബാധിച്ചതായി വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."