മന്ത്രി ജയരാജനെ കണ്ണൂരിലെ നേതാക്കളും കൈവിട്ടു
കണ്ണൂര്‍: ബന്ധുക്കളെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് തിരുകികയറ്റി വിവാദത്തില്‍ കുടുങ്ങിയ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ സ്വന്തം തട്ടകത്തില്‍ ഒറ്റപ്പെടുന്നു. ആരോപണവിധേയനായ മന്ത്രിയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും പ്രതിരോധിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കളാരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല.
വി. എസ് പക്ഷപാതിയും സംസ്ഥാന കമ്മിറ്റിയംഗവുമായ സി.കെ.പി പത്മനാഭനെ തരംതാഴ്ത്തിയതിനു ശേഷം കണ്ണൂരില്‍ പിണറായി പക്ഷത്തിനാണ് ആധിപത്യം. നടപടി ഭയന്ന് വി. എസിനോട് മനസില്‍ മമത പുലര്‍ത്തിയവര്‍ പോലും സമ്പൂര്‍ണ ഔദ്യോഗിക പക്ഷക്കാരായി മാറിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് പിണറായിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഇ.പി ജയരാജനെതിരേ ആരോപണമുയര്‍ന്നത്.
പാര്‍ട്ടിപ്രാദേശിക ഘടകങ്ങളില്‍ ബന്ധു നിയമനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. സംസ്ഥാന സേക്രട്ടറിയേറ്റിന് ശേഷം ഇതുസംബന്ധിച്ച് പ്രതികരിക്കാമെന്നാണ് ഇപ്പോള്‍ നേതാക്കള്‍ പറയുന്നത്. ഇ.പി ജയരാജനു പുറമെ പി.കെ ശ്രീമതി എം.പിക്കെതിരേയും പ്രതിഷേധം ശക്തമാണ്.
അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റു യോഗത്തില്‍ മന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനമുയരാമെങ്കിലും കടുത്ത നടപടിയിലേക്ക് നീങ്ങില്ലെന്നാണ് സൂചന. കേവലം ശാസനയിലൊതുക്കാനും അനധികൃത നിയമനങ്ങള്‍ മുഴുവന്‍ പിന്‍വലിക്കാനുമാണ് സാധ്യത. മന്ത്രിയെന്ന നിലയില്‍ നടപടിവരില്ലെങ്കിലും കേന്ദ്രകമ്മിറ്റിയംഗമായ ജയരാജനെ തരംതാഴ്ത്തിയേക്കുമെന്ന് സൂചനയുണ്ട്.
സ്വന്തം നാടായ പാപ്പിനിശേരി ലോക്കല്‍ കമ്മിറ്റിയിലും ജയരാജന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. മന്ത്രിയുടെ നിലപാടുകള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷംവരുത്തിയെന്ന അഭിപ്രായം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ക്കുണ്ട്. വിവാദ നിയമനത്തില്‍ ജയരാജനെതിരേ വിജിലന്‍സ് ത്വരിതാന്വേഷണം വന്നാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍. ഏറെക്കാലം ജയരാജന്‍ ജനറല്‍ മാനേജരായി നയിച്ച പാര്‍ട്ടി മുഖപത്രം പോലും ഇക്കാര്യത്തില്‍ പ്രതിരോധം ചമയ്ക്കാത്തത് ഇതിനാലാണെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."