ലോകകപ്പ് യോഗ്യത: ആറാടി പോര്‍ച്ചുഗലും ബെല്‍ജിയവും
ആംസ്റ്റര്‍ഡാം: യൂറോപ്യന്‍ മേഖല ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ വമ്പന്‍മാര്‍ക്ക് വിജയം. യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, മുന്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി ടീമുകള്‍ വിജയം സ്വന്തമാക്കി. കരുത്തന്മാര്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ഹോളണ്ടിനെ ഒറ്റ ഗോളിനു വീഴ്ത്തിയാണ് ഫ്രാന്‍സ് വിജയം പിടിച്ചത്.
എതിരാളികളുടെ വലയില്‍ ആറു വീതം ഗോളുകള്‍ അടിച്ചുകയറ്റിയാണ് പോര്‍ച്ചുഗലും ബെല്‍ജിയവും ഉജ്ജ്വല വിജയങ്ങള്‍ കൊയ്തത്. പോര്‍ച്ചുഗല്‍ ഫറോ ഐലന്‍ഡിനേയും ബെല്‍ജിയം ജിബ്രാള്‍ട്ടറിനേയുമാണ് തകര്‍ത്തത്. ഫറോ ഐലന്‍ഡിനെതിരേ പോര്‍ച്ചുഗലിനായി ആന്‍ഡ്രെ സില്‍വ 12, 22, 37 മിനുട്ടുകളില്‍ വല ചലിപ്പിച്ച് ഹാട്രിക്ക് ഗോളുകള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 65ാം മിനുട്ടില്‍ ഗോള്‍ നേടി. കളിയുടെ ഇഞ്ച്വറി ടൈമില്‍ രണ്ടു തുടര്‍ ഗോളുകള്‍ വലയിലാക്കി ജാവോ മോട്ടീഞ്ഞോ, ജാവോ കോണ്‍സലോ എന്നിവര്‍ പട്ടിക തികച്ചു.
കളി തുടങ്ങി 8.1 സെക്കന്‍ഡില്‍ തന്നെ ക്രിസ്റ്റ്യന്‍ ബെന്‍ഡെകെ നേടിയ വേഗ ഗോളിലാണ് ബെല്‍ജിയം ഗോളടിക്ക് തുടക്കമിട്ടത്. അദ്യ ടച്ച് തന്നെ ഗോളിലവസാനിപ്പിച്ച് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ബെന്‍ഡകെ മത്സരത്തില്‍ ഹാട്രിക്കുമായി തിളങ്ങി.
ഏറ്റവും വേഗത്തിലുള്ള ഗോളിന്റെ റെക്കോര്‍ഡും ഇനി ഈ ഗോളിനു സ്വന്തം. 1993ല്‍ സാന്‍ മരിനോ താരം ഡേവിഡ് ഗ്വാല്‍ട്ടിയേരി ഇംഗ്ലണ്ടിനെതിരേ 8.3 സെക്കന്‍ഡില്‍ നേടിയ ഗോളിന്റെ റെക്കോര്‍ഡാണ് വഴിമാറിയത്. ഫിഫ ഈ ഗോള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 43, 56 സെക്കന്‍ഡുകളിലാണ് താരം പട്ടിക തികച്ചത്. ശേഷിച്ച ഗോളുകള്‍ വിറ്റ്‌സെല്‍, മെര്‍ടന്‍സ്, ഹസാദ് എന്നിവര്‍ നേടി.
സൂപ്പര്‍ താരം പോള്‍ ബോഗ്ബ നേടിയ ഒറ്റ ഗോളിലാണ് ഫ്രാന്‍സ് ഹോളണ്ടുമായുള്ള മത്സരം രക്ഷിച്ചെടുത്തത്. റെക്കോര്‍ഡ് തുകയ്ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തി ഫോമിലെത്താന്‍ പാടുപെടുന്ന പോഗ്ബ മത്സരത്തിന്റെ 30ാം മിനുട്ടില്‍ നേടിയ ലോങ് റേഞ്ചര്‍ ഗോളാണ് ഫ്രാന്‍സിനു തുണയായത്.
ഡീഗോ കോസ്റ്റ, നൊളിറ്റോ എന്നിവരുടെ ഗോളില്‍ സ്‌പെയിന്‍ അല്‍ബേനിയയെ പരാജയപ്പെടുത്തി. മാസെഡോണിയക്കെതിരേ 1-2നു പിന്നില്‍ നിന്ന ഇറ്റലിയെ ഇമ്മൊബേല്‍ നേടിയ ഇരട്ട ഗോളുകള്‍ 3-2ന്റെ വിജയത്തിലെത്തിച്ചു.
സ്വീഡന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബര്‍ഗേറിയയെ തോല്‍പ്പിച്ചപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 2-1നു അന്‍ഡോറയേയും ബോസ്‌നിയ 2-0ത്തിനു സൈപ്രസിനേയും ഗ്രീസ് 2-0ത്തിനു എസ്റ്റോണിയയേയും ഹംഗറി ഇതേ സ്‌കോറിനു ലാത്വിയയേയും പരാജയപ്പെടുത്തി. ബലാറസ്- ലക്‌സംബര്‍ഗ് മത്സരം ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. സെര്‍ബിയ 3-2നു ഓസ്ട്രിയയേയും ഐസ്‌ലന്‍ഡ് 2-0ത്തിനു തുര്‍ക്കിയേയും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."