ആവേശപൂര്ണമായി നെല്ലുകുത്തല്‍ മത്സരം
തൃക്കരിപ്പൂര്‍: കാര്‍ഷിക സംസ്കൃതിയുടെ വിസ്മൃതിയിലാണ്ടുപോയ പ്രവര്‍ത്തികള്‍ പുത്തന്‍ തലമുറക്ക് പരിചയപ്പെടുത്താനായി സംഘടിപ്പിച്ച നെല്ലുകുത്തി അരിയാക്കാമോ മത്സരം കൗതുകവും ജിജ്ഞാസ പ്രദവുമായി. മത്സരാര്‍ത്ഥികളുടെ ആവേശം നിറഞ്ഞ പ്രകടനത്തിന് സമ്പന്നമായ കാണികളുടെ പ്രോത്സാഹനം കൂടി ചേര്‍ന്നപ്പോള്‍ നെല്ലുകുത്തല്‍ മത്സരം ഏറെ ആകര്‍ഷണവുമായി . എടാട്ടുമ്മല്‍ സുഭാഷ് സ്പോര്‍ട്സ് ക്ലബ്ബ് ഓണാഘോഷത്തിന്റെയും നാല്‍പ്പത്തൊമ്പതാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായാണ് വ്യത്യസ്തമായ ഈ പരിപാടി അരങ്ങേറിയത്. ഒരു ഇടങ്ങഴി നെല്ല് പത്തു മിനിറ്റുകള്‍ക്കുളില്‍ കുത്തി അരിയാക്കുക എന്നതാണ് മത്സരം. രണ്ടുപേര്‍ അടങ്ങുന്ന ഒരു ടീമിന് ഒരു ഉരലും രണ്ടു ഉലക്കയും നല്‍കും.
രണ്ടുപേരും ഒന്നിച്ചാണ് നെല്ലുകുത്തലില് ഏര്‍പ്പെടുന്നത്. എടാട്ടുമ്മലും പരിസരങ്ങളിലും ഉള്ള എട്ടു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ എ ജാനകി,പി.പി കാര്‍ത്യായനി ടിം ഒന്നാം സ്ഥാനവും എ.വി ജാനകി കെ.വി നാരായണി ടിം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കെ.വി മുകുന്ദന്റെ നേതൃത്വത്തില്‍ ലക്ഷ്മി ടീച്ചര്‍, ടി അജിത, പി സുനില്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന ജഡജിങ് കമ്മിറ്റിയാണ് മത്സരം നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."