നങ്ങേലി ചിത്രങ്ങള്‍ കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍
കാഞ്ഞങ്ങാട്: ചിത്രകാരന്‍ ടി. മുരളിയുടെ നവോഥാന ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി പ്രശസ്തമായ നങ്ങേലി ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള 26 അക്രിലിക് പെയിന്റിങ്ങുകളുടെ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമിയുടെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. ഇന്നലെ രാവിലെ 10.30 ന് പ്രശസ്ത സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് നവോഥാന ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പില്‍ ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവിതാംകൂര്‍ രാജഭരണകാലത്തെ മുലക്കരം എന്ന മനുഷ്യത്വ വിരുദ്ധ നികുതിക്കെതിരേ പ്രതിഷേധിച്ച് സ്വന്തം മുലയറുത്ത് ജീവത്യാഗം ചെയ്ത നങ്ങേലിയെക്കുറിച്ച് ടി. മുരളി വരച്ച മൂന്നു ചിത്രങ്ങളും ഈ പ്രദര്‍ശനത്തിലുണ്ട്. ടി. മുരളിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ നമ്മുടെ സാമൂഹത്തിലെ അറിയപ്പെടാത്തതോ തമസ്‌ക്കരിക്കപ്പെട്ടതോ ആയ ചരിത്ര സംഭവങ്ങളുടെ വീണ്ടെടുപ്പാണ്. കൊല്ലൂര്‍ മൂകാംബികാദേവി എന്തുകൊണ്ട് മൂകയായി എന്ന് അന്വേഷിക്കുന്ന ചിത്രവും, ഏകലവ്യന്റെ ദുരന്തം അറിവിന്റെ കുത്തകവല്‍ക്കരണമായി വായിച്ചെടുക്കുന്ന ചിത്രവും മാനവികമായ സാംസ്‌കാരിക ബോധത്തോട് കൂടിയുള്ള ചിത്രകാരന്റെ പഠനങ്ങളാണ്. സ്ത്രീകള്‍ക്ക് എതിരെയുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരേയും സമൂഹത്തിലെ ഹിംസാത്മകതക്കെതിരേയും ചിത്രകലയിലൂടെ ശക്തമായി പ്രതികരിക്കുന്ന ഈ ചിത്രങ്ങള്‍ ഹിംസയുടെ സാംസ്‌കാരിക കാരണങ്ങള്‍ വ്യക്തമായി കണ്ടെത്തി അടയാളപ്പെടുത്തുന്നുണ്ട്. ചിത്രപ്രദര്‍ശനം ഒക്ടോബര്‍ 16 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."