കൊടുവള്ളി മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പദ്ധതികളുടെ പ്രവൃത്തി നീളുന്നു
എളേറ്റില്‍: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ ആവശ്യമായ ഫണ്ട് വകയിരുത്തി ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നിര്‍മാണ പ്രവൃത്തി അനിശ്ചിതമായി നീളുന്നു.
മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററുടെ വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച ഇരുപതോളം പദ്ധതികളാണ് കരാറുകാരുടെ അനാസ്ഥ കാരണം മുടങ്ങിക്കിടക്കുന്നത്. വിവിധ പദ്ധതികള്‍ക്കായി ഇരുപത് കോടിയില്‍പരം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കാപ്പാട്,തുഷാരഗിരി ടൂറിസം മേഖലയെ ബന്ധിപ്പിക്കാനനുവദിച്ച നരിക്കുനി- കൊടുവള്ളി, ഓമശ്ശേരി-കൊടുവള്ളി റോഡുകളുടെ നിര്‍മാണവും അനിശ്ചിതമായി നീളുകയാണ്. നരിക്കുനി കുമാരസ്വാമി റോഡ് നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ എളേറ്റില്‍ നെല്ലാങ്കണ്ടി റോഡ്, എളേറ്റില്‍ ജി.എം.യു.പി സ്‌കൂള്‍ കെട്ടിട നിര്‍മാണം, എളേറ്റില്‍ കോട്ടോപ്പാറ സാംസ്‌കാരിക നിലയം, പന്നൂര്‍ സാംസ്‌കാരിക നിലയം, പറക്കുന്ന കോന്നാലിമുക്ക് സി.എച്ച് മുഹമ്മദ് കോയ ഗവ. കോളജ് റോഡ്, കൊടുള്ളി നഗരസഭാ സ്റ്റേഡിയം നവീകരണം, താമരശ്ശേരി പഞ്ചായത്തിലെ രാരോത്ത് ഗവ. ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണം, കോരങ്ങാട് എല്‍.പി സ്‌ക്കൂള്‍ കെട്ടിട നിര്‍മാണം, താമരശ്ശേരി ഗവ: ഹൈസ്‌കൂള്‍ ലൈബ്രറി കെട്ടിട നിര്‍മാണം, താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളജ് കെട്ടിട നിര്‍മാണം, കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ ഗവ: എല്‍. പി സ്‌ക്കൂള്‍ കെട്ടിട നിര്‍മാണം, കട്ടിപ്പാറ ആയുര്‍വേദ ഡിസ്പന്‍സറി കെട്ടിട നിര്‍മാണം, വി.ഒ.ടി ഗവ: എല്‍. പി സ്‌കൂള്‍ കെട്ടിട നിര്‍മാണം, ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായി ആയുവേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മാണം എന്നീ നിര്‍മാണ പ്രവൃത്തികളാണ് ആവശ്യമായ ഫണ്ടും സാങ്കേതിക അനുമതിയും ലഭിച്ചിട്ടും കരാറുകാരുടെ അനാസ്ഥ കാരണം മുടങ്ങിക്കിടക്കുന്നത്.
ഗതാഗതക്കുരിക്കില്‍ പൊറുതി മുട്ടുന്ന നരിക്കുനി അങ്ങാടിക്ക് ആശ്വാസമായി നിര്‍മിക്കുന്ന ലിങ്ക് ഫുട്പാത്തിന് അനുവദിച്ച മുക്കാല്‍ കോടി രൂപയും വിനിയോഗിച്ചിട്ടില്ല. അങ്ങാടിയിലെ ജുമാമസ്ജിദിന് സമീപത്ത് നിന്ന് ആരംഭിച്ച് കുമാരസ്വാമി റോഡില് അവസാനിക്കുന്ന ലിങ്ക് ഫുട്പാത്തിന് ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് അക്വയര്‍ ചെയ്യാത്തതാണ് നിര്‍മാണം നീളാന്‍ കാരണമെന്ന് കരാറുകാര്‍ പറയുന്നു.
നരിക്കുനി പഞ്ചായത്തിലെ ടെയിയനാട് എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് അനുവദിച്ച 25 ലക്ഷം രൂപയും ഇതുവരെ ഉപയോഗിച്ചിട്ടില്ല. മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററുടെ കാലത്ത് അനുമതി ലഭിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ടവരും നിലവിലെ ജനപ്രതിനിധികളും ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."