ഹരിശ്രീ കുറിച്ച് കുരുന്നുകള്‍
കോഴിക്കോട്: വിജയദശമി ദിനമായ ഇന്നലെ ആയിരക്കണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടന്നു. ക്ഷേത്രങ്ങള്‍, ആധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വന്‍തിരക്കാണ് ഇന്നലെ വിദ്യാരംഭം കുറിക്കുന്നതിനായി അനുഭവപ്പെട്ടത്. വിദ്യാരംഭത്തിനും വാഹനപൂജയ്ക്കുമായി പ്രത്യേകം സൗകര്യങ്ങളും ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ പ്രധാന ദേവീക്ഷേത്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ ഭക്തരുടെ നീണ്ടനിരയാണ് കാണാനായത്. കലാ-സാമൂഹിക-സാംസ്‌കാരിക, ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖര്‍, ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രം തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ദര്‍ശനത്തിനെത്തുന്നവര്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങളും ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്നു. ശ്രീകണ്‌ഠേശ്വര ക്ഷേത്രം, വരക്കല്‍ ദുര്‍ഗാദേവി ക്ഷേത്രം, എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രം, തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം, അഴകൊടി ദേവീ ക്ഷേത്രം, തൊണ്ടയാട് നാരകത്ത് ഭഗവതി ക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം, മൂന്നാലിങ്ങല്‍ തിരുവാണി ക്ഷേത്രം, കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രം, മാവൂര്‍ റോഡ് ഉള്ളാട്ടില്‍ ഭുവനേശ്വരി ക്ഷേത്രം, ഗാന്ധി റോഡ് ദുര്‍ഗാദേവീ ക്ഷേത്രം, മൊകവൂര്‍ കാമ്പുറത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിശേഷാല്‍ പൂജകള്‍, വിദ്യാരംഭം എന്നിവ നടന്നു. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നവരാത്രി സമാചരണത്തിനു സമാപനം കുറിച്ചുകൊണ്ട് വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."