ഹവാലയും ഗുണ്ടാവിളയാട്ടവും സമാധാനം നഷ്ടപ്പെട്ട് കൊടുവള്ളി
ഇടപാടുകരാന്റെ ആത്മഹത്യക്ക് പിന്നിലും ഹവാലയെന്ന് പരാതി
കൊടുവള്ളി: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും തുടര്‍ന്നുണ്ടാകുന്ന മര്‍ദനമുറകളും കൊടുവള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമാസമാധാനത്തിനു ഭീഷണിയാകുന്നു. കോടിക്കണക്കിന് രൂപയുടെ ഇടപാടില്‍ നഷ്ടം സംഭവിക്കുന്നവര്‍ അതിനു കാരണക്കാരെന്ന പേരില്‍ നിരപരാധികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പ്രൊഫഷനല്‍ ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ അതീവ രഹസ്യമായാണ് തട്ടിക്കൊണ്ടുപോകുന്നത്. ഇവരെ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടുപോയി മര്‍ദിക്കുകയാണ് സംഘത്തിന്റെ രീതി. അക്രമമഴിച്ചുവിട്ടും ഭീഷണിപ്പെടുത്തിയും തങ്ങളുടെ നാമ്പത്തിക നഷ്ടങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം നിരപരാധികളുടെ തലയില്‍ കെട്ടിവയ്ക്കുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരേ ഭയം കാരണം പരാതി നല്‍കാന്‍ പോലും ആരും തയാറാകുന്നില്ല.
കൊടുവള്ളി പെരിയാംതോട് രാരോത്ത് ചാലില്‍ ഇസ്മായിലിന്റെ (46) മരണത്തില്‍ അനധികൃത പണമിടപാട് സംഘത്തിന് ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പണം ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് ഇസ്മായിലിനെ ഒരു സംഘം ആളുകള്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വച്ചു മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇവരുടെ നഷ്ടം നികത്താനായി നാലുലക്ഷം രൂപ ഇസ്മായിലിന്റെ കൈയില്‍ നിന്നു തട്ടിയെടുത്തതായും പരാതിയുണ്ട്. മറ്റൊരാളുടെ പണമായിരുന്ന ഇത് തിരിച്ചുകൊടുക്കാന്‍ ഗതിയില്ലാഞ്ഞതും ക്രൂരമായ മര്‍ദനത്തില്‍ ശാരീരികമായി തളര്‍ന്നതുമാണ് ഇസ്മായിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. ഇസ്മായിലിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശക്തമായ ശിക്ഷാ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കഴിഞ്ഞ ദിവസം കൊടുവള്ളി സി.ഐയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഗള്‍ഫില്‍ നടന്ന പണമിടപാടുമായി ബന്ധപ്പെട്ട് പൂത്തൂര്‍ സ്വദേശിയായ ജാബിറിനെ (24) ഒരു സംഘം ആളുകള്‍ കഴിഞ്ഞ ഞായറാഴ്ച കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നു. സംഘത്തിലെ രണ്ടുപേരെ പിന്നീട് പൊലിസ് കൊടുവള്ളിയില്‍ പിടികൂടുകയും ചെയ്തു. ഇവരുടെ കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ കൊടുവള്ളി പൊലിസ് സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകനെ ചില പൊലിസുകാര്‍ തടഞ്ഞതായും പരാതിയുണ്ട്. എസ്.ഐയുടെ അനുമതിയുണ്ടെന്ന് പറഞ്ഞിട്ടും കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ഫോട്ടോയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകനെ അനുവദിച്ചില്ല. ഹവാല ഇടപാടുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളില്‍ ഉന്നത ഇടപെടല്‍ കാരണം പൊലിസ് ശക്തമായ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ഏറെ നാളായുണ്ട്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ടായിട്ടും അറസ്റ്റ് ചെയ്യാതെ ഇവര്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കുന്നത് പൊലിസാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പതിവായുണ്ടാകുന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊടുവള്ളി പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. കൊടുവള്ളി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മിക്ക സ്ഥലങ്ങളിലും പൊലിസ് തടഞ്ഞു പരിശോധിക്കുന്ന അവസ്ഥയാണുള്ളത്. ഹവാല സംഘങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് പൊലിസ് അവര്‍ക്ക് സംരക്ഷരകരാകുന്നുണ്ടെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."