ദുര്‍ഗന്ധവും മലിനജലവും പിന്നെ ലോറിയെക്കൊണ്ടു പൊല്ലാപ്പിലായ നാട്ടുകാരും! ദുര്‍ഗന്ധമുള്ള മലിനജലം റോഡിലൊഴുക്കി; ലോറി നാട്ടുകാര്‍ പൊലിസിലേല്‍പ്പിച്ചു
തേഞ്ഞിപ്പലം: ബല്‍ഗാമിലെ അറവുശാലകളില്‍നിന്നുള്ള മൃഗങ്ങളുടെ എല്ല് കയറ്റി ആലുവയിലേക്കു പോകുകയായിരുന്ന ലോറിയില്‍നിന്ന് ദുര്‍ഗന്ധമുള്ള മലിനജലം റോഡിലേക്കൊഴുകി. ഇതേ തുടര്‍ന്നു നാട്ടുകാര്‍ ലോറി തടഞ്ഞു പൊലിസിലേല്‍പ്പിച്ചു.
ദുര്‍ഗന്ധം കാരണം ലോറി പിടിച്ചിടാനും മലിനജലം പുറത്തേക്കൊഴുകുന്നതിനാല്‍ വിട്ടയക്കാനും പറ്റാതെ പൊലിസും നാട്ടുകാരും പൊല്ലാപ്പിലായി. ഇന്നലെ രാവിലെ കാക്കഞ്ചേരി ദേശീയപാതയിലാണ് സംഭവം. പ്രദേശമാകെ ദുര്‍ഗന്ധം പരക്കുന്നതു ശ്രദ്ധിയില്‍പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാക്കഞ്ചേരയില്‍ വളവില്‍ തിരക്കൊഴിഞ്ഞ ഭാഗത്തു മലിനജലം പുറത്തേക്കൊഴുകുന്ന നിലയില്‍ ലോറി നിര്‍ത്തിയിട്ടതു കണ്ടെത്തിയത്. തുടര്‍ന്നു തേഞ്ഞിപ്പലം പൊലിസ് സ്ഥലത്തെത്തി. കണ്ണൂര്‍ ചെറുവത്തൂരിലുണ്ടായ ബൈക്കപകടത്തെ തുടര്‍ന്നു ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിനാല്‍ കാക്കഞ്ചേരിയിലെത്തിയപ്പോള്‍ നേരം പുലര്‍ന്നതിനാലാണ് ഇവിടെ നിര്‍ത്തിയിട്ടതെന്നു ഡ്രൈവര്‍ പൊലിസിനോട് വിശദീകരിച്ചു. ലോറി കസ്റ്റഡിയിലെടുത്താല്‍ ദുര്‍ഗന്ധം പുലിവാലാക്കുമെന്നു കണ്ടു കാക്കഞ്ചേരിയില്‍നിന്നു ലോറി വിട്ടയച്ചു.
ഓട്ടം തുടര്‍ന്ന ലോറിയില്‍നിന്നു വഴിനീളെ മലിനജലം ഒഴുകി ദുര്‍ഗന്ധംവന്നതിനെ തുടര്‍ന്നു വൈകിട്ടോടെ ചെട്ടിയാര്‍മാടുവച്ചു വീണ്ടും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്നു പൊലിസ് ഇടപെട്ട് ലോറി സ്റ്റേഷനിലേക്കു മാറ്റി. ഒടുവില്‍ ലോറി തൊഴിലാളികളെക്കൊണ്ട് കുഴിയെടുപ്പിച്ചു ലോറിയില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലം ബക്കറ്റിലാക്കി കുഴിച്ചു മൂടുകയായിരുന്നു. വാഹനം രാത്രി വൈകി പൊലിസ് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."