രാജീവ് സ്തൂപം പെയിന്റൊഴിച്ചു വികൃതമാക്കി
തളിപ്പറമ്പ് : മുയ്യം ബസ് സ്റ്റോപ്പിനു സമീപത്തെ രാജീവ് സ്തൂപം സാമൂഹ്യദ്രോഹികള്‍ പെയിന്റൊഴിച്ചു വികൃതമാക്കി. സ്തൂപത്തിനു മുകളില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാകയും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എം പവിത്രന് തളിപ്പറമ്പ് പൊലിസില്‍ പരാതി നല്കി. സ്തൂപത്തിലെ രാജീവ് ഗാന്ധിയുടെ പടം ഒരു മാസം മുന്‍പ് നശിപ്പിക്കപ്പെട്ടിരുന്നു. ഇവിടെ ഉയര്‍ത്തുന്ന കൊടികള്‍ ഇടയ്ക്കിടെ നശിപ്പിക്കപ്പെടാറുണ്ട്. സമീപത്തു തന്നെയുള്ള ലീഗ് പതാകയും നശിപ്പിച്ച നിലയിലാണ്.
രാത്രിയായാല്‍ മദ്യപാനികളുടെയും മയക്കുമരുന്നുപയോഗിക്കുന്നവരുടെയും സ്ഥിരം താവളമായി മുയ്യം ബസ് സ്റ്റോപ്പ് പരിസരം മാറിയിരിക്കുകയാണെന്നും ഇവരാണ് ഇവിടെ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പരാതിയനുസരിച്ച് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."