ഫോര്‍ട്ട്‌കൊച്ചി സൗത്ത് കടപ്പുറത്തെ ശുചിമുറി ഉപയോഗത്തിന് അമിത നിരക്ക് ഈടാക്കുന്നതായി പരാതി
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി സൗത്ത് കടപ്പുറത്തെ ശുചിമുറി ഉപയോഗത്തിനായി അമിത നിരക്ക് ഈടാക്കുന്നതായി പരാതി. നഗരസഭയുടെ അധീനതയിലുള്ള ശുചിമുറിയില്‍ കരാറുകാരനാണ് അമിത നിരക്ക് ഈടാക്കുന്നത്.
നവീകരണത്തിന് ശേഷം ഒരു വര്‍ഷം മുമ്പ് അന്നത്തെ മേയര്‍ ടോണിചമ്മിണി ഉദ്ഘാടനം ചെയ്ത ശുചിമുറി ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഒരു ഉദ്ഘാടനം കൂടി നടത്തിയാണു പൊതുനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.
നഗരസഭയില്‍ നിന്ന് ശുചിമുറിയുടെ കരാറെടുത്തയാള്‍ തോന്നിയ പോലെയാണ് പണം ഈടാക്കുന്നതത്രേ.മൂത്രശങ്ക അകറ്റുന്നതിന് നഗരസഭ രണ്ട് രൂപയും മറ്റ് ഉപയോഗത്തിന് അഞ്ച് രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.എന്നാല്‍ കരാറുകാരന്‍ രണ്ട് രൂപക്ക് പകരം അഞ്ചുരൂപയും അഞ്ച് രൂപക്ക് പകരം പത്ത് രൂപയുമാണ് ഈടാക്കുന്നത്.ശുചിമുറി ഉപയോഗത്തിനായി എത്തുന്നവര്‍ ഇത് സംബന്ധിച്ച് കരാറുകാരനെ ചോദ്യം ചെയ്യാറുണ്ടെങ്കിലും വേണമെങ്കില്‍ മതിയെന്ന ധിക്കാരപരമായ നിലപാടാണത്രേ കരാറുകാരന്‍ സ്വീകരിക്കുന്നത്.
നഗരസഭയുമായുള്ള കരാറിന് വിരുദ്ധമായി അമിത നിരക്ക് ഈടാക്കുന്നത് നഗരസഭ അധികൃതരുടേയും ഡിവിഷന്‍ കൗണ്‍സിലറുടേയും ഒത്താശയോടെയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.ശുചിമുറി ഉപയോഗയോഗ്യമാക്കുന്നതിന് തങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ചിലവായിട്ടുണ്ടെന്നും അത് മുലമാണ് അമിത നിരക്ക് ഈടാക്കുന്നതെന്നാണ് കരാറുകാരന്റെ ഭാഷ്യം.അതേസമയം തനിക്ക് ഇത് സംബന്ധിച്ച് ഒന്നും അറിയില്ലന്നാണു ഡിവിഷന്‍ കൗണ്‍സിലര്‍ ഷൈനി മാത്യൂ പ്രതികരിച്ചത്.അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."