കൊച്ചിയില്‍ കൊതുക് ശല്യം രൂക്ഷം; നടപടിയെടുക്കാതെ നഗരസഭ
മട്ടാഞ്ചേരി: കൊച്ചിയില്‍ കൊതുകു ശല്യം മൂലം ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതര്‍ തുടരുന്ന അലംഭാവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാത്രിയെന്നും പകലെന്നുമില്ലാതെ കൊതുകിന്റെ ആക്രമണത്തില്‍ വലയുകയാണ് കൊച്ചി നിവാസികള്‍. കാനകള്‍ വൃത്തിയാക്കാത്തതും ഫോഗിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതുമാണ് ഇപ്പോള്‍ കൊതുകുശല്യം രൂക്ഷമാകാന്‍ ഇടയാക്കിയത്.
പകലും രാത്രിയിലും കൊതുക് നിവാരണികള്‍ ഉപയോഗിക്കേണ്ട ഗതികേടിലാണു നാട്ടുകാര്‍. നഗരവാസികളുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് കൊതുകു നിവാരണികള്‍ക്കായി ചിലവഴിക്കേണ്ട അവസ്ഥയാണ്. ഫോര്‍ട്ട്‌കൊച്ചി,മട്ടാഞ്ചേരി എന്നിവടങ്ങളിലെ ടൂറിസം പ്രദേശങ്ങളില്‍ എത്തുന്നവര്‍ പോലും കൊതുകുശല്യം മൂലം പൊറുതി മുട്ടുകയാണ്.രണ്ടോ മൂന്നോ ദിവസം കൊച്ചിയില്‍ തങ്ങാനായി എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഒറ്റ ദിവസം കൊണ്ടു തന്നെ കൊച്ചി വിടുന്ന അവസ്ഥയാണ്. കൊതുകിനെതിരെയുള്ള മരുന്നു തെളിക്കല്‍ പോലും നഗരസഭ ഇപ്പോള്‍ ഒരു ചടങ്ങു പോലെയാണു നടത്തുന്നത്. ചില പ്രദേശങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം മരുന്നു തെളിച്ചാലായി.അതേസമയം കൊച്ചിയിലെ കൊതുക് ശല്യത്തെക്കുറിച്ച് ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എ.നിയമസഭയില്‍ ഉന്നയിച്ച സബ് മിഷന് മറുപടിയായി നഗരസഭ അധികൃതര്‍ മന്ത്രിക്കു നല്‍കിയ മറുപടി ആരെയും അതിശയിപ്പിക്കുന്നതാണ്.
കൊച്ചിയിലെ കൊതുകു ശല്യം പരിഹരിക്കാന്‍ പത്തൊമ്പത് കാര്യങ്ങള്‍ നഗരസഭ ചെയ്യുന്നതായാണ് മറുപടിയിലുള്ളത്. മറുപടി കേട്ടാല്‍ കൊച്ചിയില്‍ കൊതുക് ഇല്ലന്നു തോന്നുന്ന വിധത്തിലായിരുന്നു.അതേസമയം നഗരസഭയുടെ നിസംഗതയില്‍ പ്രതിഷേധിച്ച് സി.പി.എം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നഗരസഭ ഫോര്‍ട്ട്‌കൊച്ചി സോണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.കുന്നുംപുറത്ത് നിന്നാണു മാര്‍ച്ച് ആരംഭിക്കുന്നത്.കൊതുക് ശല്യം മൂലം കൊച്ചി പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിട്ടും നഗരസഭ പുലര്‍ത്തുന്ന നിസംഗത പ്രതിഷേധാര്‍ഹമാണെന്ന് ഏരിയ സെക്രട്ടറി കെ.എം റിയാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."