ആദിവാസി കുടികളില്‍ കൊയ്ത്തുത്സവം; രണ്ടു പതിറ്റാണ്ടിനു ശേഷം ആദിവാസികള്‍ നെല്‍കൃഷിയിലേക്ക്
കോതമംഗലം: കിഴക്കന്‍ മേഖലയിലെ ആദിവാസി കുടികളില്‍ കൊയ്ത്തുത്സവം. റബര്‍,പൈനാപ്പിള്‍ കൃഷികള്‍ഉപേക്ഷിച്ച് രണ്ടു പതിറ്റാണ്ടിനു ശേഷം ആദിവാസികള്‍ നെല്‍കൃഷിയിലേക്കു തിരിഞ്ഞു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ രണ്ട് പതിറ്റാണ്ട്കള്‍ക്കു ശേഷം നെല്‍കൃഷി തിരിച്ചെത്തിയതിന്റെ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. കൊയ്ത്തുത്സമായി ആഘോഷിച്ച നെല്‍കൃഷിയുടെ വിളവെടുപ്പ് പുതു തലമുറയിലെ ആദിവാസി കുട്ടികള്‍ക്കു നെല്‍കൃഷിയുടെ ബാലപാഠമായി മാറുകയും ചെയ്തു.
ഗ്രാമ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സഹകരണത്തോടെ പാടശേഖര സമിതി രൂപീകരിച്ചാണ് ആദിവാസികള്‍ നെല്‍ കൃഷിയിറക്കിയത്. പിണവൂര്‍ കുടിയിലെ 450 ആദിവാസി കുടുംബങ്ങള്‍ ചേര്‍ന്ന് മൂന്ന് ഏക്കറോളം സ്ഥലത്താണ് നെല്‍കൃഷി ചെയ്തത്. രണ്ടിടത്തായിട്ടായിരുന്നു ഇത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നെല്‍കൃഷി അവസാനിപ്പിച്ച് റബറും, കപ്പയും, കണ്ണാരയുമൊക്കെ കൃഷി ചെയ്തിരുന്ന സ്ഥലം വെട്ടിയൊരുക്കിയായിരുന്നു കുടിക്കാര്‍ നെല്‍കൃഷി തിരിച്ചുകൊണ്ടു വന്നത്.
കാട്ടുപന്നി, ആന തുടങ്ങി വന്യമൃഗങ്ങളുടെ ശല്യം തടുക്കാന്‍ കാവല്‍മാടം കെട്ടി ആദിവാസികള്‍ കൃഷിക്ക് കാവലിരുന്നു. കാത്തിരിപ്പിനൊടുവില്‍ നൂറുമേനി വിളവ് കൊയ്‌തെടുത്തതിന്റെ സന്തോഷത്തിലാണിപ്പോള്‍ കുടിയിലെ ഇളംപ്രായക്കാര്‍ മുതല്‍ കാരണവന്‍മാര്‍ വരെ.
കൊയ്ത്തുത്സവം എന്ന പേരില്‍ കഴിഞ്ഞ ദിവസം നടന്ന നെല്‍കൃഷിയുടെ വിളവെടുപ്പ് കുടിക്കാര്‍ക്കു യഥാര്‍ഥത്തില്‍ ഉത്സവമായി മാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മഗോപി, അംഗങ്ങളായ അരുണ്‍ ചന്ദ്രന്‍, സുശീല, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നെല്‍കൃഷിക്ക് എ പ്ലസ് ഗ്രേഡ് തന്നെ ലഭിച്ചതോടെ പിണവൂര്‍ കുടിയില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനാണ് ആദിവാസി കുടുംബങ്ങളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."