അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം മന്ദഗതിയില്‍
കോതമംഗലം: കേരളത്തില്‍ തങ്ങുന്ന അയല്‍ സംസ്ഥാന തൊഴിലാളികളുടെ സമ്പൂര്‍ണ്ണ വിവരശേഖരണ പ്രക്രിയ ഇഴഞ്ഞു നീങ്ങുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ലക്ഷകണക്കിനാളുകള്‍ വിവിധതൊഴില്‍ മേഖലയില്‍ വര്‍ഷങ്ങളായി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്തു വരുന്നുണ്ട്. ഇവരെ സംബന്ധിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മൂന്നു മാസം മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോഴും ആരംഭ ദിശയില്‍ തന്നെ നിലനില്‍ക്കുന്നത്.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദേശിച്ചിരുന്നത്. അഭ്യന്തരം,ഐടി, തൊഴില്‍, ആരോഗ്യം, സാമൂഹ്യനീതി വകുപ്പുകളുടെ ഏകോപനമായിരുന്നു സര്‍ക്കാര്‍ ഉദേശിച്ചിരുന്നത്.തൊഴിലാളികളുടെ ആരോഗ്യസ്ഥിതി,വിവിധ തരത്തിലുള്ള രോഗങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ശേഖരിക്കാനും പദ്ധതിയില്‍ നിര്‍ദേശം ഉണ്ടായിരുന്നു.തെഴിലാളികളുടെ ക്ഷേമംകൂടി ലക്ഷ്യമിട്ടായിരുന്നു വിവരശേഖരണ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള നിര്‍ദേശവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.സംസ്ഥാനത്തെ 14 ജില്ലകളിലും താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ക്കു പൊലിസ് വകുപ്പാണ് തുടക്കമിട്ടത്. എന്നാല്‍ പിന്നീടുള്ള നടപടികളാണിപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നത്. പദ്ധതി വേണ്ട പോലെ മുന്നോട്ടു കൊണ്ടു പോകാന്‍ വകുപ്പുകള്‍ താല്‍പര്യമെടുക്കാത്തതാണിതിനു കാരണം. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രശ്‌നങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനക്കാരായ തൊഴിലാളികളെ സംബന്ധിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കണമെന്ന ആവശ്യം ഏറെ കാലമായി നിലനില്‍ക്കുന്നതാണ്.
ഈ സാഹചര്യത്തിലാണു സംസ്ഥാന പൊലിസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റചുമതലയേറ്റ ഉടനെ ഇതു സംബന്ധിച്ചുളള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചത്.വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ വേഗത്തില്‍ പദ്ധതി പൂര്‍ത്തികരിക്കാനും അഭ്യന്തരവകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ തൊഴില്‍ എടുക്കുന്നവര്‍, താമസിക്കുന്നവര്‍ എന്നിവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊലിസ് നേതൃത്വം നല്‍കണമെന്ന നിര്‍ദേശമാണു പരിഗണനയില്‍ ഉണ്ടായിരുന്നത്.
ഇത്തരം തൊഴിലാളികള്‍ക്കു രജിസ്‌ട്രേഷന്‍ വേണമെന്ന ആവശ്വത്തിന് ഏറെ കാലത്തെ പഴക്കമുണ്ടങ്കിലും നിലവില്‍ 53000 പേരുടെ വിവരങ്ങള്‍ മാത്രമാണു വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി നിലവിലുള്ളതെന്നാണറിയുന്നത്.കേരളത്തിലെ ഇതരസംസ്ഥാനക്കാരുടെ യഥാര്‍ഥ കണക്കുകള്‍ ലഭ്യമല്ലാത്ത അവസ്ഥ കാലങ്ങളായി തുടരുകയാണ്. ഇത്തരക്കാരുടെ എണ്ണം 40 ലക്ഷത്തില്‍ അധികമാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ യഥാര്‍ഥമായ കണക്കെടുക്കുകയും ഇതര സംസ്ഥാനങ്ങളിലെ പൊലിസ് വകുപ്പുമായി സഹകരിച്ച് ഇത് ഉറപ്പു വരുത്തുന്നതുള്‍പ്പെടെയുള്ള നടപടികളും ഉണ്ടായിരുന്ന പദ്ധതിയില്‍ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ സാമൂഹ്യാവസ്ഥ,ജീവിത സാഹചര്യങ്ങള്‍ എന്നിവ വിലയിരുത്താനും സാധ്യമാകുമായിരുന്നു.
എന്നാല്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം വിവരശേഖരണ പദ്ധതി തടസപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണിപ്പോള്‍ എന്നു വേണം പറയാന്‍. പദ്ധതി നടപ്പിലാക്കേണ്ടത് കേരളത്തിന്റെ സാമുഹികാവശ്യംകൂടിയായി മാറുമ്പോഴാണ് ഈ ഗതി. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ ഉന്നത ഇടപെടല്‍ തന്നെ വേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."