സര്‍ക്കാരുകള്‍ കര്‍ഷകദ്രോഹ നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് കേരള കോണ്‍ഗ്രസ് (എം)
തൊടുപുഴ : കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മറ്റി കര്‍ഷക പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബ്, റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15-ന് യു ഡി എഫ് ജില്ലയില്‍ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ അധിവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ കേന്ദ്ര - സര്‍ക്കാര്‍ ഇനിയും വൈകുന്നതു മൂലം ഹൈറേഞ്ചിലെ ജനങ്ങള്‍ക്കിടയില്‍ വീണ്ടും അസ്വസ്ഥതയും ആശങ്കയും ജനിപ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തതു മൂലം ഫലത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധ നയങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭരണത്തിലെത്തിയപ്പോള്‍ മുമ്പെടുത്ത നിലപാടില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്റേത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് ഇടതു മുന്നണിയോ സംസ്ഥാന സര്‍ക്കാരോ ഇനിയും വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കുകയോ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല . സംസ്ഥാന സര്‍ക്കാരിന്റെ നയവ്യതിയാനത്തിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ഷകരെ കുടിയിറക്കാനുള്ള നോട്ടീസുമായി ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. മറ്റെല്ലാ ക്ഷേമപെന്‍ഷനുകളും ഓണത്തിനു മുന്‍പ് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക പെന്‍ഷന്‍ മാത്രം വിതരണം ചെയ്യാത്തത് ഇരട്ടത്താപ്പാണ്. മുല്ലപ്പെരിയാര്‍ വിഷയത്തിലും മുഖ്യമന്ത്രി എടുത്ത നിലപാട് ഇടുക്കി ജില്ലയിലെ ജനങ്ങളോട് ചെയ്ത കടുത്ത അപരാധമാണെന്നും നേതാക്കള്‍ ആരോപിച്ചു. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കട്ടപ്പന, കുമളി, എഴുകുംവയല്‍, ബൈസണ്‍വാലി, തൊടുപുഴ എന്നീ കേന്ദ്രങ്ങളില്‍ നാളെ കര്‍ഷക ധര്‍ണ്ണ സംഘടിപ്പിക്കും. 29-ന് മൂന്ന് മണിയ്ക്ക് ചെറുതോണിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തില്‍ പാര്‍ട്ടി നേതാക്കളായ കെ.എം.മാണി, പി.ജെ.ജോസഫ് എം.പി.മാര്‍, എം.എല്‍.എ.മാര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."