ദേശീയപാത വികസന പദ്ധതികള്‍ ജില്ലയിലെ വികസനക്കുതിപ്പിന് ശക്തി പകരും: കെ.ടി ജലീല്‍
അടിമാലി: ദേശീയ പാത വികസന പദ്ധതികള്‍ ഇടുക്കിയുടെ വികസന രംഗത്ത് നാഴികകല്ലായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. അടിമാലി - കുമളി ദേശീയ പാത 185 ന്റെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ 4 നിയോജകമണ്ഡലങ്ങളായ ദേവികുളം, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല പ്രദേശങ്ങളുടെ വികസനത്തിന് ശക്തി പകരുന്ന ദേശീയ പാത വികസന പദ്ധതികള്‍ ജില്ലയുടെ സമഗ്ര വികസനത്തിന് ഊര്‍ജ്ജം പകരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ കേരളത്തിലെ ദേശീയപാത വികസന പദ്ധതികള്‍ മുന്നേറുകയാണ്. എല്ലാ ദേശീയ പാതകളും നാലു വരിയാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടികളാണ് വിഘാതമായി മാറുന്നത്. ദേശീയപാത വികസനത്തിന് ആവശ്യമായ സ്ഥലം നൂറു ശതമാനവും ഏറ്റെടുത്ത് നല്‍കിയാലെ പദ്ധതികള്‍ ആരംഭിക്കൂ എന്നതാണ് നിലവിലെ സ്ഥിതി. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയുമായും കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രിയുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അറുപത് എഴുപത് ശതമാനം സ്ഥലം ഏറ്റെടുത്താല്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന് സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ദേശീയ പാതകള്‍ നാലു വരിയാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്ന ആളുകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുന:രധിവാസവും ഉറപ്പുവരുത്തും.
കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് സമാന കാലാവസ്ഥ സാഹചര്യമുള്ള മലേഷ്യയിലെ റോഡുനിര്‍മ്മാണ സാങ്കേതിക വിദ്യ ഇവിടെയും ഉപയോഗപ്പെടുത്തുന്ന കാര്യം പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ജോയ്‌സ് ജോര്‍ജ്ജ് എം. പി. അധ്യക്ഷത വഹിച്ചു. എം. എം. മണി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ മാരായ എസ്. രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി , വൈസ് പ്രസിഡന്റ് ബിനു ചോപ്ര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ സദാനന്ദന്‍, ഷേര്‍ലി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.പി. ജോര്‍ജ്ജ്, ശ്രീജ ജോര്‍ജ്ജ്, അജിത മോഹനന്‍, സി.എ ഏലിയാസ്, റ്റി.പി.ജോസഫ്, കെ.എ ദിവാകരന്‍, ടി. കെ. ഷാജി, വിനു സ്‌കറിയ, വര്‍ഗ്ഗീസ് ചെറിയാന്‍, വി.എന്‍. സുരേഷ്, പി.കെ രമ, അസി: എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റെക്‌സ് അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."