ദേശീയപാത സബ് ഡിവിഷന് ഓഫിസ് അടിമാലിയില്‍ തുറക്കണമെന്ന ആവശ്യം ശക്തം
അടിമാലി: പുതുതായി അനുവദിച്ച അടിമാലി - കുമളി ദേശീയപാതയുടെ മേല്‍നോട്ടത്തിന് അടിമാലി കേന്ദ്രമായി ദേശീയപാത സബ് ഡിവിഷന് ഓഫിസ് തുറക്കണമെന്ന ആവശ്യം ശക്തമായി. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ മേല്‍നോട്ടത്തിന് കോതമംഗലം, നേര്യമംഗലം, അടിമാലി എന്നിവിടങ്ങളില്‍ സെക്ഷന്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ഓഫിസുകള്‍ പിന്നീട് ഉദ്യോഗസ്ഥ താല്പര്യങ്ങള് കണക്കിലെടുത്തു കോതമംഗലത്തേക്ക് മാറ്റുകയാണുണ്ടായത്.
ദേശീയപാത ഓഫിസുകള്‍ ഇവിടെ നിന്നും കോതമംഗലത്തേക്കു മാറ്റരുതെന്ന് അടിമാലി ഗ്രാമപഞ്ചായത്ത്, എം പി എന്നിവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അതീവ രഹസ്യമായി ഓഫിസുകള്‍ കോതമംഗലം സബ് ഡിവിഷനില്‍ ലയിപ്പിക്കുകയായിരുന്നു.
മൂന്നു സെക്ഷന്‍ ഓഫിസുകളിലുമുണ്ടായിരുന്ന കംപ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും ഫയലുകളും ഇപ്പോള്‍ കോതമംഗലം സബ്ഡിവിഷനില്‍ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്.
ഓഫിസുകള്‍ ഇവിടെനിന്നു മാറ്റിയതോടെ ദേശീയപാതയില്‍ നടക്കേണ്ട അത്യാവശ്യമായ അറ്റകുറ്റപ്പണികളും മറ്റും മുടങ്ങുന്ന സ്ഥിതിയാണ്. ഉദ്യോഗസ്ഥര്‍ വല്ലപ്പോളുമാണ് ഇവിടേക്കെത്തുന്നത്. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ കോതമംഗലം, ദേവികുളം, കാഞ്ഞിരപ്പള്ളി സെക്ഷനുകള്‍ക്ക് പുതിയ പാതയുടെ കൂടി ചുമതല നല്‍കാനാണു തീരുമാനമായിട്ടുള്ളത്.
കോതമംഗലത്തു പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ ഓഫിസിന് അടിമാലിയില്‍ നിന്നും ചേലച്ചുവട് വരെയും, ദേവികുളം സെക്ഷന്‍ ഇവിടെനിന്നും കട്ടപ്പന വരെയും കാഞ്ഞിരപ്പള്ളി സെക്ഷന്‍ കട്ടപ്പനയില്‍ നിന്നും കുമളിവരെയുമുള്ള ചാര്‍ജു നല്‍കിയാണ് പുതിയ പാതയുടെ ആദ്യഘട്ട ജോലികള്‍ ആരംഭിക്കുന്നത്.
ഇത്തരം സാഹചര്യത്തില്‍ സബ് ഡിവിഷന് ഓഫിസ് അടിമാലിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."