ഫാഷന്‍ ഫ്രൂട്ട് കൃഷിയില്‍ നൂറ്‌മേനി വിളയിച്ച് ഫാര്‍മേഴ്‌സ് ക്ലബ്
എരുമപ്പെട്ടി: ഫാഷന്‍ ഫ്രൂട്ട് കൃഷിയില്‍ നൂറ്‌മേനി വിളയിച്ച ഒരു കൂട്ടം കര്‍ഷകര്‍. തൃശൂര്‍ പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന ഇട്ടോണം ഗ്രാമത്തിലെ മഹാത്മ ഫാര്‍മേഴ്‌സ് ക്ലബിലെ കര്‍ഷകരാണ് പേഷന്‍ ഫ്രൂട്ട് കൃഷി പരീക്ഷിച്ച് വിജയം കൈവരിച്ചത്. ശീത കാലവസ്ഥയുള്ള നെല്ലിയാമ്പതിയിലും മൂന്നാറിലും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്ത് വരുന്ന ഫാഷന്‍ ഫ്രൂട്ട് നാട്ടിന്‍പുറങ്ങളിലെ ഏത് കാലാവസ്ഥയിലും വന്‍തോതില്‍ വിളയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇട്ടോണം മഹാത്മ ഫാര്‍മേഴ്‌സ് ക്ലബിലെ കര്‍ഷകര്‍.
പരീക്ഷണ അടിസ്ഥാനത്തില്‍ അര ഏക്കര്‍ ഭൂമിയില്‍ ഇറക്കിയ പേഷന്‍ ഫ്രൂട്ട് കൃഷി കര്‍ഷകരുടെ പ്രതീക്ഷ തെറ്റിക്കാതെ മികച്ച വിളവ് നല്‍കിയിരുക്കുകയാണ്. പ്രദേശ വാസിയും ഗുരുവായൂര്‍ കൃഷി ഓഫിസറുമായ മാട്ടായ രവീന്ദ്രനാണ് ഫ്രൂട്ട് കാര്‍ഷിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ മഹാത്മ ഫാര്‍മേഴ്‌സ് ക്ലബിന് പ്രേരണ നല്‍കിയത്. നെല്ലിയാമ്പതി സീനിയര്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഓഫിസറായി മുന്‍പ് ജോലി ചെയ്തിരുന്ന രവീന്ദ്രന്‍ ഫാഷന്‍ ഫ്രൂട്ട് കൃഷിയുടെ വ്യാവസായിക സാധ്യത മനസിലാക്കിയാണ് തന്റെ സുഹൃത്തുക്കള്‍ കൂടിയായ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ പ്രചോദനം നല്‍കിയത്.
പഴുത്ത് പാകമായി കഴിഞ്ഞാല്‍ മഞ്ഞ, ചുവപ്പ്, പര്‍പ്പിള്‍ എന്നീ മൂന്നു നിറങ്ങളില്‍ കാണുന്ന ഫ്രൂട്ടാണ് നിലവില്‍ കൃഷി ചെയ്ത് വരുന്നത്. ഇതില്‍ പര്‍പ്പിള്‍ നിറത്തിലുള്ളതിന് മധുരം കൂടുതലായുള്ളതിനാല്‍ പര്‍പ്പിള്‍ നിറത്തിലുള്ള പഴമാണ് ഇട്ടോണം ഫാമില്‍ കൃഷി ചെയ്ത് വരുന്നത്. വീടുകളില്‍ പ്രകൃതി ദത്ത ദാഹശമനിയായി ഉപയോഗിക്കുന്ന ഫാഷന്‍ ഫ്രൂട്ട് വ്യാവസായികമായി സ്‌ക്വാഷ്, ജാം എന്നിവ നിര്‍മിക്കാനാണ് പ്രാധാനമായും ഉപയോഗപ്പെടുത്തുന്നത്.
വിറ്റാമിന്‍ സിയുടെ കലവറയായ പോഷന്‍ ഫ്രൂട്ട് കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം, ആത്‌സമ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഔഷധം കൂടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റു കൃഷിയെ അപേക്ഷിച്ച് ചിലവും അധ്വാനവും കുറവും കാര്യമായ കീടബാധയോല്‍ക്കാത്തതും എന്നാല്‍ മികച്ച ആദായം ലഭിക്കുമെന്നതുമാണ് മഹാത്മ ഫാര്‍മേഴ്‌സ് ക്ലബ് അംഗങ്ങളെ ഇതിലേക്ക് ആകര്‍ഷിച്ചത്.
ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ വില ഈടാക്കുന്ന ഫാഷന്‍ ഫ്രൂട്ട് കുറഞ്ഞ വിലയില്‍ നാട്ടുകാര്‍ക്ക് നല്‍കുകയെന്നതാണ് കൃഷി ഒരു സേവനം കൂടിയാണെന്ന് കരുതുന്ന മഹാത്മ ഫാര്‍മേഴ്‌സ് ക്ലബ് ലക്ഷ്യമിട്ടിരിക്കുന്നത്. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ തീര്‍ത്തും ജൈവ രീതിയില്‍ വിളയിച്ചെടുത്ത ഇട്ടോണം ഫാമിലെ പേഷന്‍ ഫ്രൂട്ടിന് ഇപ്പോള്‍ തന്നെ ആവശ്യക്കാര്‍ ഏറെയാണ്. അതിനാല്‍ തന്നെ വളരെയധികം ഔഷധ ഗുണങ്ങളുള്ള പേഷന്‍ ഫ്രൂട്ട് കൃഷി വീടുളിലേക്ക് വ്യാപിപ്പിക്കുവാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരണം നല്‍കാനുള്ള പരിശ്രമത്തില്‍ കൂടിയാണ് മഹാത്മ ഫാര്‍മേഴ്‌സ് ക്ലബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."