അപൂര്‍വരോഗം തളര്‍ത്തിയത് കുടുംബത്തിന്റെ പ്രതീക്ഷകളെ
മണ്ണാര്‍ക്കാട്: കടുംബത്തിന് താങ്ങും തണലുമാവേണ്ട മകന്‍ അപൂര്‍വരോഗം പിടിപെട്ട് ഏഴുവര്‍ഷമായി കിടപ്പിലായിട്ട് യുവാവിന്റെ ചികില്‍സാ ചെലവുകള്‍ കണ്ടെത്താനാകാതെ നിര്‍ധനകുടുംബം. എടത്തനാട്ടുകര ചിരട്ടക്കുളം ആലടിപ്പുറം അപ്പുണ്ണിയുടേയും മാധവിയുടേയും മൂത്തമകനായ മിഥുന്‍ (24) ആണ് അപൂര്‍വ നാഡീ രോഗം ബാധിച്ച് ശരീരം പൂര്‍ണമായി തളര്‍ന്ന് കിടക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് മിഥുന്റെ 17മത്തെ വയസില്‍ അലനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരിക്കെ സ്‌കൂളില്‍ പോകാനായി ബസ് കാത്തുനില്‍ക്കെ അപസ്മാര രോഗലക്ഷണങ്ങളോടെ തളര്‍ന്നുവീണതായിരുന്നു ആദ്യസംഭവം. അതിനുശേഷം എഴുന്നേറ്റ് നടന്നിട്ടില്ല.
ആദ്യം ഇരുകാലുകളിലും പിന്നീട് ശരീരം പൂര്‍ണമായി തളര്‍ത്തുന്ന തരത്തിലേക്കും രോഗം വ്യാപിക്കുകയായിരുന്നു. കൂലിത്തൊഴിലാളിയായ അപ്പുണ്ണിയും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്നതാണ് കുടുംബം. മിഥുന് താഴെ രണ്ടു പെണ്‍കുട്ടികളാണ്. സ്വന്തമായി എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത മിഥുനെ ശുശ്രൂഷിക്കാനായി നില്‍ക്കേണ്ടി വരുന്നതിനാല്‍ അപ്പുണ്ണിക്കും പണിക്ക് പോകാന്‍ കഴിയുന്നില്ല. ഏഴു വര്‍ഷമായി തുടരുന്ന നിരന്തര ചികിത്സയും കുടുംബത്തിന്റെ നിത്യചെലവുകളും ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായി. സാമ്പത്തിക പരാധീനതകള്‍ കാരണം അപ്പുണ്ണിയുടെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഇളയമകള്‍ സ്മൃതി പഠനം നിര്‍ത്തി.
ഇക്കാലമത്രയും നാട്ടുകാരുടെ കാരുണ്യത്തിലാണ് ചികിത്സാ ചെലവുകളും കുടുംബചെലവുകളും കണ്ടെത്തിയിരുന്നത്. പട്ടിക ജാതി പിന്നോക്ക വിഭാഗത്തില്‍ പെടുന്ന കുടുംബമായിരുന്നിട്ടുപോലും സഹായത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളേയും മറ്റ് ഏജന്‍സികളേയും സമീപിച്ചെങ്കിലും നിരാശയാണ് ഫലം. മിഥുന്റെ ചികിത്സ സഹായത്തിനായി അലനല്ലൂര്‍ 16ാം വാര്‍ഡ് അംഗം ടി. അഫ്‌സറ (ചെയര്‍ പേഴ്‌സണ്‍), 20ാം വാര്‍ഡ് അംഗം കെ.ടി. അബ്ദുല്‍ നാസര്‍ (കണ്‍വീനര്‍) ടി.കെ. അബു(ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി പതിനൊന്നംഗ സഹായസമിതി രൂപീരിച്ചിട്ടുണ്ട്. സഹായങ്ങള്‍ സ്വീകരിക്കാനായി കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ അലനല്ലൂര്‍ ശാഖ(ഐ.എഫ്.എസ്.സി.കോഡ്-കെ.എല്‍.ജി.ബി 0040689)യില്‍ 40689101027837 എന്ന നമ്പറില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."