എടക്കല്‍ റോക് ഷെല്‍ട്ടറിനു പൈതൃക പദവി: നീക്കങ്ങള്‍ക്ക് മന്ദഗതി
കല്‍പ്പറ്റ: നവീന ശിലായുഗ സംസ്‌കൃതിയുടെ ശേഷിപ്പുകളില്‍ ഒന്നായ എടക്കല്‍ റോക് ഷെല്‍ട്ടറിന് ലോക പൈതൃക പദവി നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. 2010ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് തുടങ്ങിവച്ച നീക്കങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണ്. റോക് ഷെല്‍ട്ടറിനെ പൈകൃക ഇടമായി പ്രഖ്യപിക്കുന്നതില്‍ യുനെസ്‌കോയില്‍ ഇടപെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യന്‍ ചരിത്ര കൗണ്‍സിലും വീഴ്ച വരുത്തുകയാണ്.
രണ്ട് കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ അമര്‍ന്ന് രൂപപ്പെട്ടതാണ് റോക് ഷെല്‍ട്ടര്‍. 1894ല്‍ മലബാര്‍ പൊലിസ് സൂപ്രണ്ടും നരവംശശാസ്ത്രത്തില്‍ തല്‍പരനുമായിരുന്ന ഫോസറ്റാണ് റോക് ഷെല്‍ട്ടറിനെയും അതിലെ ചരിത്ര സമ്പന്നതയെക്കുറിച്ചുമുള്ള വിവരം ആദ്യമായി പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഷെല്‍ട്ടറിലെ ശിലാഭിത്തികളില്‍ ആള്‍രൂപങ്ങള്‍, മൃഗരൂപങ്ങള്‍ എന്നിവയ്ക്കു പുറമേ ചക്രങ്ങള്‍, വണ്ടികള്‍ എന്നിവയുടെ ചിത്രങ്ങളും കോറിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്രാഹ്മി ലിഖിതങ്ങളുള്ളതും എടക്കലിലെ ശിലാഭിത്തികളിലാണ്. ബി സി 4000നും എ ഡി പതിനൊന്നിനും ഇടയില്‍ പലപ്പോഴായി രചിക്കപ്പെട്ടതാണ് ഇവയെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.
ഗുഹയുടെയും രചനകളുടെയും ചരിത്ര-സാംസ്‌കാരിക പ്രാധാന്യം യുനസ്‌കോയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2011ല്‍ രണ്ട് ദേശീയ സെമിനാറുകള്‍ ബത്തേരിയില്‍ സംഘടിപ്പിച്ചിരുന്നു. അക്കാലത്ത് സംസ്ഥാന സാംസ്‌കാരികവകുപ്പ് മന്ത്രിയായിരുന്ന കെ.സി ജോസഫായിരുന്നു ശില്‍പശാലകളില്‍ ഒന്നിന്റെ ഉദ്ഘാടകന്‍. റോക് ഷെല്‍ട്ടറിനും പദ്മനാഭപുരം കോട്ടാരത്തിനും ലോക പൈതൃക പദവി നേടിയെടുക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരുടെ സജീവമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. റോക് ഷെല്‍ട്ടറിനെ ലോക പൈതൃക ഇടമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുന്‍പ് ഡോ. എലിസബത്ത് തോമസിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയോഗിച്ചിരുന്നു. ഗുഹയുടെയും രചനകളുടെയും ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സ്‌പെഷല്‍ ഓഫിസര്‍ സംസ്‌കാരിക വകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കാര്യമായ തുടര്‍നടപടി ഉണ്ടായില്ല. പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനുള്ള യുനസ്‌കോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് 2012ല്‍ ഷെല്‍ട്ടറിലേക്ക് 110 മീറ്റര്‍ നീളവും ശരാശരി ഒരു മീറ്റര്‍ വീതിയും 300 പടികളുമുള്ള സ്റ്റീല്‍ നടപ്പാത നിര്‍മിച്ചത്. 1984ലാണ് എടക്കല്‍ ഗുഹയും അതുള്‍പ്പെടുന്ന 50 സെന്റ് സ്ഥലവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശത്തിലെത്തിയത്.
വയനാട്ടിലെ പ്രമുഖ ടൂറിസ്റ്റ് സങ്കേതവുമാണ് എടക്കല്‍ റോക് ഷെല്‍ട്ടറും പരിസരവും. 2006ല്‍ 1,09,578 മുതിര്‍ന്നവരും 25,022 കുട്ടികളുമാണ് റോക്‌ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചത്. 2014-15ല്‍ 350758 ആയിരുന്നു ആകെ സന്ദര്‍ശകരുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."