കോടതിയിലെ മാധ്യമവിലക്കില്‍ ജഡ്ജിമാര്‍ക്കും പങ്ക്: ഡോ. സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട്: കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നില്‍ ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍. രാജ്യചരിത്രത്തിലില്ലാത്ത രീതിയിലുള്ള മാധ്യമ വിലക്കിന് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണ്. കോടതികളിലെ മാധ്യമ വിലക്കിനെതിരേ മാധ്യമ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യന്‍ പോള്‍.
മാധ്യമപ്രവര്‍ത്തകരുടെ അസാന്നിധ്യം മനസമാധാനമുണ്ടാക്കുന്നുണ്ടെന്നാണ് ഒരു യോഗത്തില്‍ ഹൈക്കോടതിയിലെ ജഡ്ജി അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ കോടതികളില്‍ ജനങ്ങള്‍ക്കു വേണ്ടി നിരീക്ഷിക്കാന്‍ മാധ്യമങ്ങളില്ല. കോടതിമുറികളില്‍ നിശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണ്. ഏത് ഒത്തു കളിക്കും കൂട്ടുനില്‍ക്കുന്ന ജഡ്ജിമാരുണ്ട്. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്.
അഭിഭാഷകരെ താന്‍ ഗുണ്ടകളെന്ന് വിളിച്ചുവെന്നായിരുന്നു തനിക്കെതിരേ അഭിഭാഷക സംഘടനക്കാര്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ താന്‍ അന്ന് അങ്ങിനെ വിളിച്ചിട്ടില്ല. എന്നാല്‍ ഇന്ന് താന്‍ അഭിഭാഷക ഗുണ്ടകളെന്ന് വിളിക്കുകയാണ്. ഇപ്പോള്‍ അനുരഞ്ജനത്തിനായി ജഡ്ജിമാരും അഭിഭാഷകരും തയാറാക്കിയ വ്യവസ്ഥ പ്രകാരം കോടതി റിപ്പോര്‍ട്ടിങ് സാധ്യമാകില്ല. നമ്മുടെ സ്വാതന്ത്ര്യം ജഡ്ജിമാരെ ആശ്രയിച്ചല്ലെന്ന് ഓര്‍ക്കണം. കോടതികളിലെ മാധ്യമ വിലക്ക് ആസൂത്രണം ചെയ്തത് ആരാണെന്ന് അന്വേഷിക്കണമെന്നും ഡോ സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു.
കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്‍.പി. രാജേന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍. രാജേഷ് സ്വാഗതവും ട്രഷറര്‍ പി. വിപുല്‍നാഥ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."