ജയരാജന്റെ രാജി ആവശ്യപ്പെട്ട് 17ന് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച്
തിരുവനന്തപുരം: ബന്ധു നിയമന ആരോപണം നേരിടുന്ന ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 17നു കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തും. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് തീരുമാനം.
സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അഴിമതിയും നടത്തിയ ജയരാജന് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതൊരു പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമായി കാണാനാവില്ല. പാര്‍ട്ടി നടപടിയിലൂടെ ഒതുക്കാമെന്നു കരുതുകയുമരുത്. ജയരാജന്‍ രാജിക്കു തയാറാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
അഴിമതിക്കെതിരേ പ്രചാരണം നടത്തിയാണ് എല്‍.ഡി.എഫ് വോട്ടുപിടിച്ചത്. സര്‍ക്കാരില്‍ അഴിമതിക്കാര്‍ക്കു സ്ഥാനമുണ്ടാകില്ലെന്നു പറഞ്ഞാണ് ഭരണം തുടങ്ങിയത്. എന്നാല്‍, നാലു മാസത്തിനകംതന്നെ സര്‍ക്കാരിന്റെ മുഖം വികൃതമായി. കുറഞ്ഞ കാലയളവിനുള്ളില്‍ ആര്‍ത്തിപിടിച്ചാണ് ബന്ധു നിയമനങ്ങള്‍ നടത്തിയത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ മുന്നേറ്റം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യുവിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചര്‍ച്ചചെയ്യാനാണ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നതെങ്കിലും നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും ചര്‍ച്ചയ്ക്കുവരികയായിരുന്നു. കെ.എസ്.യു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്താനാണ് തീരുമാനം. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന കാര്യങ്ങള്‍ എന്‍.എസ്.യു.ഐ നേതൃത്വത്തിനു സമര്‍പ്പിക്കുമെന്നും സുധീരന്‍ പറഞ്ഞു. എ.ഐ.സി.സി സെക്രട്ടറി ഗിരീഷ് ചോദ്‌നേക്കര്‍, എന്‍.എസ്.യു.ഐ പ്രസിഡന്റ് അമൃത ധവാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."