ദേശീയപാത നാലുവരിയാക്കുന്ന നടപടികള്‍ വേഗത്തിലാക്കും: മുഖ്യമന്ത്രി
പാലാരിവട്ടം മേല്‍പാലം ഉദ്ഘാടനം ചെയ്തു
കൊച്ചി: കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെയുള്ള ദേശീയപാത നാലുവരിയാക്കുന്നതിനു സര്‍ക്കാര്‍ അടിയന്തിര നടപടികളാണ് സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടിക്രമങ്ങള്‍ ഏറെക്കുറെ സാധ്യമായിട്ടുണ്ട്. ചിലയിടങ്ങളില്‍ അലൈന്‍മെന്റ് പൂര്‍ത്തിയാകാനുണ്ട്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ പാലാരിവട്ടം മേല്‍പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കുമ്പോള്‍ സ്വാഭാവികമായും ഉടമകള്‍ക്ക് നഷ്ടവും പ്രയാസങ്ങളുമുണ്ടാകാം. എന്നാല്‍, ഭൂമി നല്‍കാന്‍ തയാറാണെന്നു പറഞ്ഞ് പലരും മുന്നോട്ടുവന്നിട്ടുണ്ട്.
ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തുറന്നമനസോടെ ചര്‍ച്ച നടത്തുമെന്നും ദേശീയപാതകളുടെ മാത്രമല്ല, ജില്ലാതലത്തിലുള്ള റോഡുകളുടെ വികസനവും വേഗത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി. കെ.വി തോമസ് എം.പി, എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, പി.ടി തോമസ്, എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ മാക്‌സി, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 442 മീറ്റര്‍ നീളത്തിലുള്ള മേല്‍പാലവും രണ്ട് അപ്രോച്ച് റോഡുകളും ഉള്‍പ്പെടെ 750 മീറ്ററിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 2014ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് പാലം നിര്‍മാണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."