കള്ളപ്പണം: കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ സഹായിയെ ഇ.ഡി ചോദ്യംചെയ്തു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാമേധാവിയുമായ ജനറല്‍ വി.കെ സിങ്ങിന്റെ അടുത്ത സഹായി ശംഭു പ്രസാദ് സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു.
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനായി (റോ) 22 കോടി ചെലവില്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ അഭയകേന്ദ്രം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ടെന്റ് വാങ്ങിയതിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ഇതുരണ്ടാം തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
ടെന്റുകള്‍ വാങ്ങുന്നതിനുള്ള ഓര്‍ഡറിനായി ഇയാള്‍ ബാങ്കില്‍ നിന്ന് 30 കോടി രൂപ വായ്പ സംഘടിപ്പിച്ചിരുന്നു. ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിന്റെ ആവശ്യപ്രകാരമാണ് റോയ്ക്കായി ടെന്റുകള്‍ വാങ്ങിയത്.
2009- 13 കാലയളവിലായിരുന്നു ഇടപാട്. ഇതുമായി ബന്ധപ്പെട്ട് ഇടപാട് നടത്തിയ ഡല്‍ഹിയിലെ സ്വകാര്യ റിയല്‍എസ്റ്റേറ്റ് കമ്പനി സായിബാബ ബില്‍ഡേഴ്‌സ് ആന്റ് കണ്‍സള്‍ട്ടന്‍സിനെതിരേയും അതിന്റെ ഡയറക്ടര്‍മാരായ ശ്യാംസുന്ദര്‍ ഭട്ടര്‍, ജെ.പി.എന്‍ സിങ്, ശംഭു പ്രസാദ് സിങ്ങിന്റെ ഭാര്യ മഞ്ജരി എന്നിവര്‍ക്കെതിരേയും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിലേയും കാബിനറ്റ് സെക്രട്ടറിയേറ്റിലേയും ഉദ്യോഗസ്ഥരും കേസില്‍ ആരോപണവിധേയരാണ്. ഇടപാടിന്റെ ടെന്‍ഡര്‍ നടപടി മുതല്‍ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ക്രമക്കേട് നടന്നതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. വഞ്ചന, വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങിയ കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."