ലക്ഷ്യത്തിലെത്താന്‍ മണിക്കൂറുകള്‍; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം
കോഴിക്കോട്: ജില്ലയിലെ പ്രധാന നഗരകേന്ദ്രങ്ങളിലും ജങ്ഷനുകളിലും അനുദിനമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കുന്നു. രാമനാട്ടുകര-വെങ്ങളം ദേശീയപാതയിലും പന്നിയങ്കരയിലുമായി പുതിയ മേല്‍പ്പാലങ്ങള്‍ വരുന്നുണ്ടെങ്കിലും ഇത്തരം സ്ഥലങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പര്യാപ്തമാകാത്ത സാഹചര്യമാണുള്ളത്. രാവില 8.30മുതല്‍ പത്തുവരെയും വൈകിട്ട് 3.30ന് ശേഷവുമാണ് മിക്ക സ്ഥലങ്ങളിലും ഗതാഗതസ്തംഭനം രൂക്ഷമാകുന്നത്.
ഫറോക്ക് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് ചെറുവണ്ണൂര്‍ ജങ്ഷനില്‍ ആരംഭിക്കുന്ന ആദ്യ കടമ്പ കടന്നു വേണം മുന്നോട്ടു പോകാന്‍. അശ്രദ്ധമായ ഡ്രൈവിങ്ങും പൊലിസ് സാന്നിധ്യമില്ലാത്തതുമാണ് ഇവിടെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. ഈ ജങ്ഷനില്‍ നിന്ന് കുന്നത്തുപാലത്തേക്കുള്ള കുപ്പിക്കഴുത്ത് പോലുള്ള റോഡും സുഗമമായ ഗതാഗതത്തിനു വിലങ്ങുതടിയാകുന്നുണ്ട്. നല്ലളം ജങ്ഷനിലും മീഞ്ചന്ത മിനിബൈപ്പാസ് ജങ്ഷനിലുമാണ് അടുത്ത പ്രധാന കടമ്പകളുള്ളത്. ഇവിടങ്ങളില്‍ പൊലിസ് സാന്നിധ്യമുണ്ടാകാറുണ്ടെങ്കിലും വാഹനങ്ങളുടെ മത്സരയോട്ടവും എതിര്‍ദിശയിലൂടെ വാഹനമോടിച്ചു കയറ്റാനുള്ള ഡ്രൈവര്‍മാരുടെ ശ്രമവും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
നാല്‍ക്കവലകളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനങ്ങളില്‍ ഭൂരിഭാഗവും മാസങ്ങളായി പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കോരപ്പുഴ പാലത്തിലൂടെ നഗരത്തിലേക്കെത്തേണ്ടവരുടെ കാര്യവും ദുരിതപൂര്‍ണമാണ്. പാലം കടക്കണമെങ്കില്‍ അല്‍പ്പം ക്ഷമിച്ചേ പറ്റൂവെന്ന അവസ്ഥയാണുള്ളത്. നഗരത്തിലും ഗതാഗതസ്തംഭനം ജനത്തെ വലയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."