രാഷ്ട്രീയ കൊലപാതകങ്ങള്‍ ആസൂത്രിതം
കണ്ണൂര്‍: ആസൂത്രിതമായ രാഷ്ട്രീയ കൊലപാതങ്ങള്‍ തടയാനാവാതെ പൊലിസ്. ഇരുപാര്‍ട്ടികളും ആയുധം താഴെവച്ചാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന ഉത്തരമേഖലാ റെയ്ഞ്ച് ഐ.ജിയുടെ വാക്കുകള്‍ പൊലിസിന്റെ നിസഹായാവസ്ഥയാണ് വെളിവാക്കുന്നത്. രാഷ്ട്രീയ ഭരണസമര്‍ദ്ദങ്ങള്‍ പൊലിസിനെ വരിഞ്ഞുമുറുക്കുകയാണ്. പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റുകള്‍ നോക്കി പ്രതികളെ പിടികൂടുന്ന പണി മാത്രമെ പൊലിസിനുള്ളൂ. ഇതുകാരണം കൊലപാതക രാഷ്ട്രീയത്തിന് പൂര്‍ണ ഉത്തരവാദികളായ പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘങ്ങളെ പിടികൂടാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരുടെ കൊല ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന വ്യക്തമായ സൂചന പൊലിസിനുണ്ട്. ഇന്നലെ പിണറായിയില്‍ വെട്ടേറ്റുമരിച്ച രമിത്ത് നേരത്തെ എതിര്‍കക്ഷികളുടെ ഭീഷണിക്കിരയായിരുന്നു. പലവട്ടം വീടിനും അക്രമമുണ്ടായി.
1992ല്‍ ബസ് ഡ്രൈവറുംആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ചാവശേരിയിലെ ഉത്തമന്റെ വധത്തിനുശേഷം രമിത്തിനെയും സഹോദരി രമിഷയെയും കൂട്ടി അമ്മ നാരായണി പിണറായിയിലെ തറവാട്ടു വീട്ടിലേക്ക് വരികയായിരുന്നു. സി.പി.എം കേന്ദ്രമായ പിണറായിയില്‍ താമസമുറപ്പിച്ച ഇവര്‍ക്ക് തറവാടിനു സമീപം ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുപണിതു നല്‍കി. ഉത്തമന്റെ മകനെന്ന വൈരാഗ്യം രമിത്തിനെ എതിരാളികളുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെടുത്തി. നാരായണിയുടെ കുടുംബവും പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരുമായുള്ള സ്വത്തു തര്‍ക്കകേസ് ഇപ്പോഴും കോടതിയിലാണ്.
ഈ കേസ് ആര്‍.എസ്.എസുമായി അഭേദ്യമായി ബന്ധം പുലര്‍ത്തിയിരുന്ന കുടുംബത്തിനെതിരെയുള്ള രോഷമായി മാറി. മാത്രമല്ല മുഖ്യമന്ത്രിയുടെ തട്ടകമായ പിണറായിയില്‍ ആര്‍.എസ്.എസ് പലഭാഗങ്ങളിലും കൂണുപോലെ മുളച്ചുപൊന്തുന്നത് സി. പി.എമ്മിന് അസ്വസ്ഥത സൃഷ്ടിച്ചു. വര്‍ഷങ്ങളായുള്ള കുടിപ്പകയാണ് ഈ ആസൂത്രിത കൊലപാതകത്തിനു പിന്നിലെന്ന വാദം ശരിവയ്ക്കുന്നതാണ് പൊലിസിന്റെ നിലപാടും. സി.പി.എം പാതിരയാട് ലോക്കല്‍കമ്മിറ്റിയംഗം മോഹനനന്റെ കൊലപാതകത്തിനു പിന്നിലും പ്രൊഫഷണല്‍ കൊലപാതക സംഘമാണെന്ന വിവരം പൊലിസിനുണ്ട്. എന്നാല്‍ ഇപ്പോള്‍പ്രദേശത്തെ സി.പി.എം നേതൃത്വം നല്‍കിയ ലിസ്റ്റിലുള്ള ആറുപേരെയാണ് തിരിച്ചറിഞ്ഞത്. നാട്ടുകാര്‍ക്ക് സുസമ്മതനായ മോഹനന് അക്രമരാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും രാഷ്ട്രീയ എതിരാളികള്‍ക്കു പോലും പ്രിയങ്കരമായ പ്രവര്‍ത്തനശൈലിക്കുടമയാണ് ഇദ്ദേഹമെന്നും പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൊലപാതക സംഘത്തിനു എസ്‌കോര്‍ട്ട് വന്നയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മോഹനന്‍ വധിക്കപ്പെടുന്ന ദിവസം പ്രദേശത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തൊട്ടടുത്തുള്ള നിര്‍മാണം നടക്കുന്ന വീടുകളില്‍ ജോലി ചെയ്തുവെന്ന വസ്തുതയും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ കൊലപാതകത്തിനു മുന്‍പിലായി പ്രദേശത്തെ പ്രധാന പ്രവര്‍ത്തകരെല്ലാം മാറിതാമസിക്കാറുണ്ട്. എന്നാല്‍ ഈക്കാര്യത്തില്‍ ഇവിടെ അതുണ്ടായില്ലെന്നും പൊലിസ് വ്യക്തമാക്കുന്നു. മാത്രമല്ല ആര്‍.എസ്.എസ് വര്‍ഷങ്ങളായി വിജയദശമി രാജ്യവ്യാപകമായി പഥസഞ്ചലനം നടത്തുന്ന ദിവസമാണ്. ഒരു രാഷ്ട്രീയ കൊലപാതകം നടന്നാല്‍ ഈപരിപാടി നടക്കില്ലെന്നകാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവ് ഈ ആസൂത്രിത കൊലപാതകത്തിനു പിന്നിലുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."