ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 15 ലക്ഷം രൂപ കവര്‍ന്നു
എരുമപ്പെട്ടി: അക്കിക്കാവ് കേച്ചേരി ബൈപാസ് റോഡില്‍ എയ്യാല്‍ കൂമ്പുഴ പാടശേര റോഡില്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 15 ലക്ഷം രൂപ കവര്‍ന്നു. മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി വലിയകത്ത് മുഹമ്മദിനെ ആക്രമിച്ചാണ് പണം കവര്‍ന്നത്.
ഇന്നല വൈകീട്ട് 4 മണിയോടെയാണ് സംഭവം. ഇസാഫ് മൈക്രോ ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ കലക്ഷന്‍ ജീവനക്കാരനായ മുഹമ്മദ് ബൈപാസ് റോഡ് വഴി മണ്ണുത്തിയിലേക്ക് പോവുന്നതിനിടയില്‍ എയ്യാല്‍ പെട്രോള്‍ പമ്പിന് സമീപം വെച്ച് ഇന്നോവ കാറിലും ബൈക്കിലുമെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. മുഹമ്മദ് സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടര്ന്നെത്തിയ ഇന്നോവ കാര്‍ പെട്രോള്‍ പമ്പ് കഴിഞ്ഞപ്പോള്‍ മറികടന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തുകയും പുറകില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മുഹമ്മദിന്റെ ബൈക്ക് ചവിട്ടി മറിക്കുകയുമായിരുന്നു. റോഡരുകിലേക്ക് തെറിച്ചുവീണ മുഹമ്മദിന്റെ ബാഗ് തട്ടിപറിച്ച സംഘം കാറിലും ബൈക്കിലുമായി കടന്ന് കളഞ്ഞു.
കുന്നംകുളം സി.ഐ രാജേഷ് കെ.മേനോന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോള്‍ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. മുഹമ്മദിന്റെ ബൈക്കിനെ മറികടക്കുന്ന വെളുത്ത ഇന്നോവ കാറും പുറകിലുണ്ടായിരുന്ന ബൈക്കും ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."