തൂണില്‍ നിന്നുയരാതെ അസംബ്ലി ഹാളുകള്‍
ചെറുവത്തൂര്‍: നിര്‍മാണം തുടങ്ങി ഏഴുമാസം മാസം പിന്നിട്ടിട്ടും തൂണില്‍ നിന്നുയരാതെ അസംബ്ലി ഹാളുകള്‍. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ എട്ടു വിദ്യാലയങ്ങളിലാണ് ഇഴഞ്ഞു നീങ്ങുന്ന അസംബ്ലി ഹാള്‍ നിര്‍മാണം മൂലം വിദ്യാര്‍ഥികളും, അധ്യാപകരും ദുരിതത്തിലായത്.
മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജി.എഫ്.എച്ച്.എസ്.എസ് പടന്നക്കടപ്പുറം, ജി.എഫ്.വി.എച്ച്.എസ്.എസ് കാടങ്കോട്, ജി.എച്ച്.എസ്.എസ് സൗത്ത് തൃക്കരിപ്പൂര്‍, ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, ജി.എച്ച്.എസ്.എസ് ചീമേനി എന്നീ വിദ്യാലയങ്ങള്‍ക്ക് അസംബ്ലി ഹാള്‍ അനുവദിച്ചത്. ഒരു വിദ്യാലയത്തിന് 16.80 രൂപയാണ് നീക്കിവച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തറക്കല്ലിടലും നടന്നു. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങള്‍ കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാലയ അധികൃതര്‍. എന്നാല്‍ പില്ലറുകളില്‍ മാത്രം നിര്‍മാണം ഒതുങ്ങി. ഇതിനായി കുഴികള്‍ എടുത്തതിനാല്‍ കഴിഞ്ഞ മഴക്കാലത്ത് വിദ്യാലയമുറ്റങ്ങളെല്ലാം ചെളിക്കുളമായി. ഇടയ്ക്കിടെ മഴപെയ്യുന്നതിനാല്‍ ഇപ്പോഴും അതേ അവസ്ഥയാണുള്ളത്. ഇതുമൂലം അസംബ്ലി ചേരാന്‍ പോലും കഴിയാതെ പാടുപെടുകയാണ് അധ്യാപകര്‍. പിലിക്കോട് ഹയര്‍ സെക്കന്‍ഡറിയില്‍ ഇത്തവണ ഉപജില്ലാ കലോത്സവവും, കാടങ്കോട് ഉപജില്ലാ ശാസ്‌ത്രോത്സവവും വന്നെത്തുന്നുണ്ട്. അതിനു മുന്‍പ് അസംബ്ലി ഹാള്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നതാണ് ആവശ്യം. കോണ്‍ക്രീറ്റ് തൂണുകള്‍ കാരണം മറ്റു പന്തലുകള്‍ നിര്‍മിക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കരാറുകാരനാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ അവധി ദിവസങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി അടിയന്തിരമായി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് അധ്യാപകരും, രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."