സൈനികന്‍ മരിച്ചത് 24 വര്‍ഷം മുന്‍പ്: ഭൗതികാവശിഷ്ടമെത്തിയത് ഇന്നലെ
നെടുമ്പാശ്ശേരി: നീണ്ട 24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രണ്ടര പതിറ്റാണ്ട് മുന്‍പ് വീരമൃത്യു വരിച്ച സൈനികന്റെ ഭൗതികാവശിഷ്ടം നാട്ടിലെത്തിച്ചു. പാലാ കാഞ്ഞിരമറ്റം എടച്ചേരില്‍ എ.ടി ജോസഫിന്റെ മകന്‍ ഇ.തോമസ് ജോസഫിന്റെ മൃതദേഹാവശിഷ്ടമാണ് നാഗാലാന്‍ഡില്‍നിന്ന് ഇന്നലെ ജന്മനാട്ടിലെത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഭൗതികാവശിഷ്ടം ബന്ധുക്കളുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് ത്രേസ്യാമ്മയുടെ ആഗ്രഹപ്രകാരം കാഞ്ഞിരമറ്റം ഹോളിക്രോസ് പള്ളിയിലെ കുടുംബ കല്ലറയില്‍ ഇന്ന് രാവിലെ 11ന് സംസ്‌ക്കരിക്കും. 1992 ജൂണ്‍ 12ന് നാഗാലാന്‍ഡിലെ ചക്കബാമയില്‍ ബോഡോ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഗൂര്‍ഖ റൈഫിള്‍സ് സെക്കന്റ് ലഫ്റ്റനന്റായിരുന്ന തോമസ് ജോസഫ് കൊല്ലപ്പെട്ടത്. അന്ന് മൃതദേഹം നാട്ടിലെത്തികാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും യാത്ര ദുഷ്‌കരമായതിനാല്‍ ഷില്ലോങ്ങില്‍ മിലിട്ടറി എന്‍ജിനീയറിങ് ഡിവിഷനില്‍ സുബേദാര്‍ മേജറായിരുന്ന തോമസിന്റെ പിതാവ് എ.ടി ജോസഫ് ചക്കബാമയിലെത്തി മൃതദേഹം അവിടെ സംസ്‌ക്കരിക്കുകയായിരുന്നു. എന്നാല്‍, മകന്റെ മൃതശരീരം ഒരു നോക്ക് കാണാനോ അന്ത്യോപചാരമര്‍പ്പിക്കാനോ സാധിക്കാതിരുന്നത് മാതാവ് ത്രേ്യസ്യാമ്മയ്ക്ക് എന്നും നീറുന്ന വേദനയായിരുന്നു. പല പ്രാവശ്യം മകനെ സംസ്‌കരിച്ച സ്ഥലം കാണാന്‍ ത്രേസ്യാമ്മ ആഗ്രഹിച്ചെങ്കിലും അനാരോഗ്യം മൂലം അതിനു കഴിഞ്ഞിരുന്നില്ല. അടുത്തിടെ തോമസ് ജോസഫ് അംഗമായിരുന്ന 1978 ബാച്ചിലെ സൈനിക അംഗങ്ങളുടെ പുനര്‍സമാഗമം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി തങ്ങളെ വിട്ടുപിരിഞ്ഞവരുടെ ബന്ധുക്കളെ കണ്ടെത്തി ആശ്വസിപ്പിക്കാനും ഉപഹാരം നല്‍കാനും സമാഗമത്തില്‍ പങ്കെടുത്തവര്‍ തയാറായി. ഇതിന്റെ ഭാഗമായി തോമസ് ജോസഫിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ മാതാവ് ത്രേസ്യാമ്മ തന്റെ തീരാദുഃഖം നിറകണ്ണുകളോടെ അറിയിച്ചു. ഇവരുടെ ശ്രമഫലമായി സൈനിക ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ചക്കബാമയില്‍ സ്ഥിതിചെയ്യുന്ന കല്ലറ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൃതദേഹാവശിഷ്ടം നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."