ബന്ധുനിയമനം ജയരാജന്‍ ഒരു നിമിഷംപോലും തുടരരുത്: ചെന്നിത്തല
ന്യൂഡല്‍ഹി: ആരോപണവിധേയനായ ഇ.പി ജയരാജന്‍ ഒരു നിമിഷംപോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെറ്റിന്റെ ഗൗരവം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഇടതുമുന്നണിക്കും മാത്രമല്ല, ജയരാജന് തന്നെയും ബോധ്യപ്പെട്ടതാണ്. രാജിക്ക് പകരമായി വകുപ്പുമാറ്റം പോലുള്ളവ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല.
ജയരാജന്‍ രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി അംഗീകരിക്കണം. ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി ബന്ധുനിയമനങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ രണ്ടുപേര്‍ രാജിവച്ചു. അഭിഭാഷകരെ നിയമിച്ചത് സംബന്ധിച്ചും ക്രമക്കേടുണ്ടായിട്ടുണ്ട്. ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ നിയമിക്കില്ലെന്നും പറഞ്ഞിരുന്നു.
സര്‍ക്കാര്‍ ചുമതലയേറ്റ് നാലു മാസങ്ങള്‍ക്കുള്ളില്‍ ഇങ്ങനെ ചെയ്‌തെങ്കില്‍ ബാക്കിയുള്ള സമയം എന്തെല്ലാം ചെയ്തുകൂട്ടുമെന്നും ചെന്നിത്തല ചോദിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്റെ അനിയനെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയായി നിയമിച്ചുവെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം ചെന്നിത്തല നിഷേധിച്ചു. തനിക്ക് അങ്ങനെ ഒരു അനിയനില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."