കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാ ഭീഷണി ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ 20 കുട്ടികള്‍ കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കി. ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം 8.30നാണ് സംഭവം.
നാലു മണിക്കൂറോളം അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തിയ കുട്ടികള്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് താഴെയിറങ്ങിയത്. വീട്ടില്‍ പോകണമെന്നും മാതാപിതാക്കളെ കാണണമെന്നുമായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
ചില്‍ഡ്രന്‍സ് ഹോമിലെ കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ കൊണ്ടുവച്ച ഏണി ഉപയോഗിച്ചാണ് രണ്ടാം നിലയുടെ ടെറസിന്റെ മുകളില്‍ കുട്ടികള്‍ കയറിയത്. കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി ബഹളംവച്ചപ്പോഴാണ് സംഭവം ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ അറിയുന്നത്. ബലപ്രയോഗത്താല്‍ താഴെയിറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി.
തുടര്‍ന്ന് നിസഹായരായ ജീവനക്കാര്‍ പൊലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിച്ചുവരുത്തിയെങ്കിലും കുട്ടികള്‍ താഴെയിറങ്ങാന്‍ തയാറായില്ല. പഠനസൗകര്യം ഒരുക്കുക, ജീവനക്കാരില്‍ നിന്നുണ്ടാകുന്ന മാനസിക പീഡനം അവസാനിപ്പിക്കുക, അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി സൗഹൃദ അന്തരീഷം ഉണ്ടാക്കുക, മെച്ചപ്പെട്ട ആഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കുട്ടികള്‍ ഉന്നയിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ സ്ഥലം എം.എല്‍.എ പി.ടി തോമസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ നീന, ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, അഡി. ജില്ലാ ജഡ്ജി കൗസര്‍ ഇടപകത്ത്, എ.ഡി.എം സി.കെ പ്രകാശ് എന്നിവര്‍ കുട്ടികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കുട്ടികള്‍ അനുരഞ്ജനത്തിന് തയാറായത്. തുടര്‍ന്ന് പൊലിസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ ഇവരെ താഴെയിറക്കുകയായിരുന്നു. ചര്‍ച്ചയില്‍ അഞ്ച് കുട്ടികളെ വീട്ടില്‍ വിടാനും പരാതികളുടെ അടിസ്ഥാനത്തില്‍ രണ്ടു ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചു.
ഈ മാസം 16ന് മുന്‍പ് തിരിച്ചെത്തിക്കണമെന്ന നിബന്ധനയിലാണ് കുട്ടികളെ വിടുന്നത്. 16ന് വൈകിട്ട് ബന്ധപ്പെട്ടവരുടെ വിപുലമായ യോഗം ജില്ലാ കലക്ടറുടെയും എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ ചേരാനും തീരുമാനിച്ചു. അതിനിടെ, കുട്ടികള്‍ ആത്മഹത്യാഭീഷണി മുഴക്കിയ സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
കൊച്ചി: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ പെണ്‍കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവം ഗൗരവമാണെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് പറഞ്ഞു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ജില്ലാ കലക്ടറും സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫിസറും ഒരു മാസത്തിനകം സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ ചില്‍ഡ്രന്‍സ് ഹോം കെയര്‍ടേക്കര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."