തലശ്ശേരി കസ്റ്റഡി മരണം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം
ന്യൂഡല്‍ഹി: തലശ്ശേരി പൊലിസ് കസ്റ്റഡിയിലിരിക്കെ തമിഴ്‌നാട് സ്വദേശി കാളിമുത്തു മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട രേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ, ബന്ധപ്പെട്ട മറ്റു രേഖകള്‍ തുടങ്ങിയവ ഉടന്‍ സമര്‍പ്പിക്കാന്‍ ഡി.ജി.പിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ച് പൊലിസ് കസ്റ്റഡിയിലെടുത്ത 40കാരനായ സേലം സ്വദേശി കാളിമുത്തു ഈ മാസം ഒന്‍പതിനാണ് മരിച്ചത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി.
ഒരു മനുഷ്യന്റെ ജീവിക്കാനുള്ള അവകാശമാണ് ഹനിക്കപ്പെട്ടതെന്ന് ഡി.ജിപിക്കയച്ച നോട്ടിസില്‍ കമ്മിഷന്‍ കുറ്റപ്പെടുത്തി. കാരണമൊന്നുമില്ലാതെയാണ് കാളിമുത്തുവിനെ കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ്.
കുറ്റം ചെയ്തിട്ടില്ലെന്ന് അറിഞ്ഞുതന്നെയാണ് ഇദ്ദേഹത്തെ മറ്റൊരാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തത്. മാധ്യമ റിപ്പോര്‍ട്ട് പ്രകാരം തലശ്ശേരി അമ്പലത്തിനടുത്തുവച്ച് നാട്ടുകാരാണ് ഇവരെ മോഷണം ആരോപിച്ച് പിടിച്ചുവച്ച് പൊലിസിലേല്‍പ്പിച്ചത്.
ഇവര്‍ മോഷണം നടത്തിയിട്ടില്ലെന്ന് പിന്നീട് ബോധ്യമായിട്ടും പൊലിസ് വിട്ടയച്ചില്ല.
ഇവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന പൊലിസ് വാദം വിശ്വസനീയമല്ലെന്നും കമ്മിഷന്‍ നോട്ടിസില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."