റോഹിംഗ്യകള്‍ക്കെതിരായ അക്രമം; മരണസംഖ്യ 39 ആയി
നയ്പിദൊ: മ്യാന്‍മറിലെ റോഹിംഗ്യകള്‍ക്കെതിരായ അക്രമത്തില്‍ മരണസംഖ്യ 39 ആയി. ഇന്നലെ മാത്രം 26 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ മ്യാന്‍മറില്‍ റോഹിംഗ്യകളുടെ പ്രദേശമായ റാഖിനെയിലാണ് കഴിഞ്ഞ ദിവസം സൈന്യവും പ്രദേശവാസികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ മൗന്‍ഗ്‌ദോ ടൗണിലെ പ്യാന്‍ഗ്പിത് ഗ്രാമത്തിലാണ് സംഭവം.
വാളുകള്‍, കത്തികള്‍, പിസ്റ്റളുകള്‍ മുതലായ മാരകായുധങ്ങളുമായാണ് ജനം ആക്രമണം നടത്തിയത്. 300 പേര്‍ വരുന്ന ഗ്രൂപ്പുകളായാണ് പ്രദേശവാസികള്‍ ആക്രമണത്തിനെത്തിയത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ആങ്‌സാന്‍ സൂക്കിയുടെ പ്രതികരിച്ചത്. മ്യാന്‍മറിലെ സൈനിക പത്രമായ മ്യാവധി 10 ആക്രമണകാരികള്‍ കൂടി അധികം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടു ചെയ്തു. റാഖിനെയില്‍ മാത്രം മരണസംഖ്യ 39 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 13 സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടും. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് റാഖിനെ. ഇവിടെയുള്ള മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് റോംഹിംഗ്യകള്‍. ഇവര്‍ ബംഗാളികളാണെന്നും അവരെ പുറത്താക്കണമെന്നുമാണ് ബുദ്ധതീവ്രവാദികളുടെ ആവശ്യം.
നേരത്തെ ബുദ്ധതീവ്രവാദികളും സൈനികരും നടത്തിയ റോംഹിംഗ്യന്‍ വംശഹത്യയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. 2012 ല്‍ മാത്രം റാഖിനെയില്‍ നടന്ന മതസ്പര്‍ദ്ധയില്‍ 100 ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."