മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
തിരുവനന്തപുരം: ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരു കാരണവുമില്ലാതെ ആക്രമിക്കപ്പെട്ടതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാനസമിതി ശക്തിയായി പ്രതിഷേധിച്ചു. ഹര്‍ത്താലനുകൂലികളുടെ പ്രകടനം പകര്‍ത്തിയതിനാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടത്.
തിരുവനന്തപുരത്ത് യു.എന്‍.ഐ ഫോട്ടോഗ്രാഫറുടെ കാമറ എറിഞ്ഞുതകര്‍ക്കുകയും കൈയേറ്റം ചെയ്യുകയും പഴ്‌സ് പിടിച്ചുവാങ്ങി പണമെടുക്കുകയും ചെയ്തു. കേരളകൗമുദി ഫോട്ടോഗ്രാഫറെയും ആക്രമിച്ച് കാമറയുടെ ലെന്‍സ് തകര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധ്യമപ്രവര്‍ത്തകന്‍ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയിലാണ്. ഫോട്ടോഗ്രാഫര്‍മാരെ മുഴുവന്‍ വളഞ്ഞിട്ട് കൈയേറ്റം ചെയ്യുകയായിരുന്നു.
കോട്ടയത്ത് മലയാള മനോരമ, ദേശാഭിമാനി എന്നിവയുടെ ഫോട്ടോഗ്രാഫര്‍മാരെയും തൃശൂരില്‍ ജീവന്‍ ടി.വി, ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്‍മാരെയും ആലപ്പുഴയില്‍ പ്രദേശിക ചാനല്‍ കാമറാമാന്‍മാരെയും കൈയേറ്റം ചെയ്തു. കോഴിക്കോട്ട് ജനം ടി.വി, റിപ്പോര്‍ട്ടര്‍ ടി.വി കാമറാമാന്‍മാര്‍ക്കെതിരേയും പ്രകോപനം ഉണ്ടായി.
നശിപ്പിക്കപ്പെട്ട കാമറകള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദപ്പെട്ട സംഘടനക്കാര്‍ തയാറാകണം. അക്രമം കാട്ടിയവര്‍ക്കെതിരേ പൊലിസ് നടപടിയെടുക്കണമെന്നു സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചങ്ങരംകുളം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കാമറമാന്‍മാരെയും,മാധ്യമ പ്രതിനിധികളെയും മര്‍ദിച്ച സംഭവത്തില്‍ കേരള റിപ്പോര്‍ട്ടേഴ്‌സ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. ആലപ്പുഴയിലെ പ്രാദേശിക ചാനല്‍ കാമറമാന്‍മാരായ മനോജ്, ഉമേഷ് എന്നിവരെയാണ് ക്രൂരമായി മര്‍ദിച്ചത്. കൂടാതെ തിരുവനന്തപുരത്തും, കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം നടന്നിട്ടുണ്ട് . ഇതില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടണമെന്നും കെ.ആര്‍.എം.യു സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."