ജയരാജനെതിരേയുള്ള നടപടി; കണ്ണൂര്‍ സി.പി.എമ്മില്‍ അനിശ്ചിതത്വം
കണ്ണൂര്‍: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവയ്ക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ കണ്ണൂരിലെ പാര്‍ട്ടിയില്‍ അനിശ്ചിതത്വം.
ഇ.പിക്കെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കണ്ണൂരിലെ നേതാക്കള്‍ പരസ്യമായി രംഗത്തു വന്നിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് അണിയറയില്‍ ചര്‍ച്ച സജീവമാണ്. അഞ്ചുമാസം പിന്നിടുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിഛായയ്ക്കു മക്കള്‍ നിയമനം മങ്ങലേല്‍പ്പിച്ചുവെന്ന ആരോപണവുമായി ജില്ലയിലെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ രംഗത്തുണ്ട്.
ഇന്നുചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ നിലപാടാണ് കണ്ണൂരിലെ നേതാക്കള്‍ പൊതുവെ സ്വീകരിക്കുകയെന്നറിയുന്നു. എന്നാല്‍ ഇ.പിയെ കണ്ണൂര്‍ പാര്‍ട്ടി അത്രവേഗം തള്ളിപ്പറയുകയുമില്ല. സംസ്ഥാന സെക്രട്ടേറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും അംഗങ്ങളായ ഇ.പിയും ബന്ധുവും കണ്ണൂര്‍ എം.പിയുമായ പി.കെ ശ്രീമതിയും കണ്ണൂര്‍ പാര്‍ട്ടിയില്‍ പൂര്‍ണമായി ഒറ്റപ്പെട്ടുവെന്നു പറയാന്‍ കഴിയില്ല. പാര്‍ട്ടിതലത്തിലുള്ള ശാസനകൊണ്ടു തീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നമാണിതെന്നുള്ള അഭിപ്രായക്കാരാണ് ചില സംസ്ഥാന നേതാക്കള്‍. വരാനിരിക്കുന്ന വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ജയരാജന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ കടുത്ത നടപടി സ്വീകരിക്കാമെന്നും ഇവര്‍ പറയുന്നു.
ജയരാജനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന അഭിപ്രായക്കാരില്‍ ഭൂരിഭാഗവും പ്രാദേശിക ഘടകങ്ങളിലുള്ളവരാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.വി ഗോവിന്ദന്റെ തട്ടകമായ മൊറാഴയിലെ ലോക്കല്‍ കമ്മിറ്റിയാണ് ഇ.പിക്കെതിരേ നടപടി വേണമെന്ന് ജില്ലാകമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയത്.
ഇ.പിയുടെ സ്വന്തം നാടായ പാപ്പിനിശേരിയില്‍ നിന്നും കടുത്ത എതിര്‍പ്പുയര്‍ന്നു. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ചുകൊണ്ടുള്ള മാതൃകാനടപടിയാണ് സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്.
ജില്ലാസെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കളും ഇതേ അഭിപ്രായക്കാരാണ്. ജില്ലാസെക്രട്ടേറിയറ്റംഗമായ ഒരാള്‍ മാത്രമാണ് ഇ.പിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ ഇതിനെതിരേ അണികളില്‍ നിന്നും കടുത്ത എതിര്‍പ്പുമുണ്ടായി.
ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍പ്പുള്ള സാഹചര്യത്തില്‍ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം ഇ.പിക്കും കണ്ണൂര്‍ സി.പി.എമ്മിനും ഏറെ നിര്‍ണായകമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."