പട്ടേലുകളെ കൂട്ടി ഗുജറാത്ത് പിടിക്കാന്‍ എ.എ.പി
ന്യൂഡല്‍ഹി: ബി.ജെ.പി വിരുദ്ധരായ പട്ടേല്‍വിഭാഗത്തെ കൂട്ടുപിടിച്ച് ഗുജറാത്ത് പിടിക്കാന്‍ എ.എ.പി രംഗത്ത്. ഈയാഴ്ച സൂറത്തില്‍ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്‌രിവാള്‍ നടത്തുന്ന റാലിയില്‍ പട്ടേല്‍ വിഭാഗക്കാര്‍ പങ്കെടുക്കും.
പട്ടേല്‍ പ്രക്ഷോഭവും പിന്നീടുണ്ടായ ദലിത് പ്രക്ഷോഭവും ഗുജറാത്തിലെ ബി.ജെ.പിയുടെ ജനപിന്തുണയ്ക്ക് കാര്യമായ തിരിച്ചടിയുണ്ടാക്കിയിരിക്കെയാണ് എ.എ.പിക്കൊപ്പം പട്ടേലുകള്‍ ചേരുന്നത്. ബി.ജെ.പിയുടെ വോട്ട് ബാങ്കായ പട്ടേലുകള്‍ എ.എ.പിക്കൊപ്പം പോവുന്നത് പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാവും.
അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത് ബി.ജെ.പിയുടെ മാതൃകാ സംസ്ഥാനമായാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഗുജറാത്തില്‍ പാര്‍ട്ടിക്കേല്‍ക്കുന്ന തിരിച്ചടി ദേശീയതലത്തില്‍ തന്നെ ബി.ജെ.പിക്കേല്‍ക്കുന്ന പ്രഹരമാവും.
റാലിക്ക് നേതൃത്വം കൊടുക്കാന്‍ കെജ്‌രിവാള്‍ ഇന്ന് ഗുജറാത്തിലെത്തും. തിങ്കളാഴ്ച വരെ അദ്ദേഹം ഗുജറാത്തില്‍ തങ്ങും. ഇതിനിടെ വിവിധ മേഖലയിലുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
അതേസമയം സൂറത്തില്‍ നടക്കാനിരിക്കുന്ന റാലി തടസപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് എ.എ.പി ആരോപിച്ചു. എ.എ.പി റാലിക്ക് പട്ടേല്‍ വിഭാഗം പിന്തുണ അറിയിച്ചതായി ഡല്‍ഹി മന്ത്രി കപില്‍ മിശ്രയും പറഞ്ഞു.
സമാധാനപരമായ റാലിയാവും നടക്കുകയെന്നും ആരെങ്കിലും റാലിയെ തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് ബി.ജെ.പി മാത്രമായിരിക്കുമെന്നും മിശ്ര പറഞ്ഞു. പട്ടേല്‍ വിഭാഗം നേതാക്കളുമായി എ.എ.പി തുടര്‍ച്ചയായി ആശയവിനിമയം നടത്തിവരികയാണ്. ഗുജറാത്തില്‍ എ.എ.പി വരുന്ന ഒരു മാസം നടത്താനിരിക്കുന്ന കാംപയിനില്‍ പട്ടേല്‍ നേതാക്കളായ വന്ദന പട്ടേല്‍, കാനുഭായ് കല്‍സാരിയ എന്നിവരുമായി കെജ്്‌രിവാള്‍ വേദിപങ്കിടും.
പട്ടേല്‍ സമരത്തിന്റെ ഭാഗമായി 28 ദിവസം ജയിലില്‍ക്കിടന്നയാളാണ് വന്ദന പട്ടേല്‍. അതിനിടെ കെജ്‌രിവാളിനെതിരേ ഗുജറാത്തിലെ പലസ്ഥലത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. നേരത്തെ അഴിമതിവിരുദ്ധ സമരത്തില്‍ കെജ്‌രിവാളിനൊപ്പമുണ്ടായിരുന്ന ഗാന്ധിയന്‍ അന്നാ ഹസാരെ അദ്ദേഹത്തെ വിമര്‍ശിച്ചു പറഞ്ഞ പ്രസ്താവനകള്‍ സഹിതമുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പട്ടേല്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേലുമായി എ.എ.പി ഇതിനകം തന്നെ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലും ഇരുവരും സജീവമാണ്. ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ നടത്തിയ പ്രസ്താവനയെ കെജ്‌രിവാള്‍ പിന്തുണയ്ക്കുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച കെജ്്‌രിവാളിന്റെ ട്വീറ്റിനെ ഹാര്‍ദിക് പട്ടേലും പിന്തുണയ്ക്കുകയുണ്ടായി.
മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ ഹിറ്റ്‌ലര്‍ ഭരണത്തിന് സമാനമായ സാഹചര്യം കൊണ്ടുവന്നത് മോദിയാണെന്ന് ട്വിറ്ററില്‍ ആരോപിച്ചപ്പോള്‍ കെജ്‌രിവാള്‍ അതു ശരിവച്ചു.
35 ലക്ഷം തൊഴില്‍രഹിതരുള്ള 31 ശതമാനം ഫാക്ടറികള്‍ പൂട്ടിക്കിടക്കുന്ന ഗുജറാത്തിനെയാണ് മോദി വൈബ്രന്റ് ഗുജറാത്ത് എന്ന് വിളിക്കുന്നതെന്ന ഹാര്‍ദികിന്റെ ട്വീറ്റിനെയും കെജ്്‌രിവാള്‍ റീട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."