ആയഞ്ചേരിയിലെ ട്രാഫിക് പരിഷ്‌കരണം യു.ഡി.എഫില്‍ ഭിന്നസ്വരം; വ്യാപാരികളും പ്രതിഷേധവുമായി രംഗത്ത്
ആയഞ്ചേരി: ടൗണിലെ വിവാദമായ ട്രാഫിക് പരിഷ്‌കരണത്തിനെതിരേ വ്യാപാരികളും രംഗത്തുവന്നു. ബസ് സ്റ്റോപ്പ് മാറ്റിയത് ടൗണിലെ വ്യാപാരത്തെ ബാധിച്ചതായാണ് വ്യാപാരികളില്‍ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ചിലരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ബസ് സ്റ്റോപ്പ് മാറ്റിയതെന്നാണ് ഇവരുടെ ആക്ഷേപം. നേരത്തെ നാട്ടുകാരും പരിഷ്‌കരണത്തിനെതിരേ രംഗത്തുവന്നിരുന്നു.
ബസ് സ്റ്റോപ്പ് മാറ്റിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും പ്രതിഷേധമുണ്ടായിരുന്നു.
അതേസമയം, യു.ഡി.എഫില്‍ തന്നെ ഭിന്നസ്വരങ്ങള്‍ പ്രകടമായതു ഭരണസമിതിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്്. കമ്മ്യൂനിറ്റി ഹാളിനു സമീപമുണ്ടായിരുന്ന സ്റ്റോപ് മാറ്റിയതിനെ ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ അബ്ദുന്നാസര്‍ ഉള്‍പ്പെടെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തിരുന്നു.
സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു ടൗണില്‍ എത്താന്‍ വളരെ പ്രയാസം നേരിടുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. അതിനിടെ, യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ തമ്മിലുള്ള വാഗ്വാദം കൈയാങ്കളിയോളമെത്തിയെങ്കിലും മറ്റംഗങ്ങള്‍ ഇടപെട്ടു ശാന്തരാക്കുകയായിരുന്നു.
തുടര്‍ന്നു മെയിന്‍ റോഡില്‍ ടൗണ്‍ മസ്ജിദ് മുതല്‍ കമ്മ്യൂനിറ്റി ഹാള്‍ വരെയുള്ള ഭാഗത്തു എവിടെയെങ്കിലും സ്റ്റോപ് വേണമെന്നു യോഗം തത്വത്തില്‍ അംഗീകരിച്ചെങ്കിലും ട്രാഫിക് റെഗുലേറ്ററി യോഗം ചേരാത്തതിനാല്‍ തീരുമാനമായില്ല. തഹസില്‍ദാര്‍, ആര്‍.ടി.ഒ, പി.ഡബ്ല്യു.ഡി പ്രതിനിധി എന്നിവരില്ലാത്തതിനാലാണ് യോഗം മാറ്റിയത്. യോഗം 18നു നടക്കും.
നിലവിലുള്ള ബസ് സ്റ്റോപ്പ് മാറ്റിയതിലൂടെ തങ്ങളുടെ കലക്ഷന്‍ കുറയാന്‍ ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി ബസുടമകള്‍ കഴിഞ്ഞ 30നു സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ട്രാഫിക് റെഗുലേറ്ററി യോഗം അന്നെടുത്ത തീരുമാനങ്ങളില്‍ ആയഞ്ചേരി ടൗണിലെ സ്റ്റോപ് നിര്‍ത്തലാക്കിയതു മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ബസ് സ്റ്റാന്‍ഡിനു സമീപം ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യണമെന്നതും പൊന്‍മേരി ബാങ്കിനു സമീപം ജീപ്പുകള്‍ നിര്‍ത്തിയിടണമെന്നതും നടപ്പായിട്ടില്ല. ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് ഏരിയ മാറ്റിയെങ്കിലും അതും കടലാസിലൊതുങ്ങുകയായിരുന്നു.
ടൗണില്‍ ബസുകള്‍ നിര്‍ത്താത്തതിനാല്‍ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്കു സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ടൗണിലേക്കു നടന്നുവരേണ്ട സ്ഥിതിയാണുള്ളത്. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമാണ് ഇതു ഏറെ പ്രയാസമുണ്ടാക്കുന്നത്.
ബസ് സ്റ്റാന്‍ഡില്‍ ഇതുവരെയും കടകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."