വിറ്റ തേങ്ങയുടെ പണം ലഭിക്കുന്നില്ല; പ്രത്യക്ഷ സമരത്തിനൊരുങ്ങി കര്‍ഷകര്‍
എടച്ചേരി: പൊതുവിപണിയില്‍ തേങ്ങയുടെ വില കുത്തനെ കുറഞ്ഞതിനാല്‍ കൃഷിഭവനെ ആശ്രയിച്ച കര്‍ഷകര്‍ ദുരിതത്തില്‍. ഗ്രാമപ്രദേശങ്ങളിലെ കേരകര്‍ഷകര്‍ക്കു വിറ്റ തേങ്ങയുടെ വില യഥാസമയം ലഭിക്കുന്നില്ല. എടച്ചേരി പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ നിന്നായി കൃഷിഭവനില്‍ പച്ചത്തേങ്ങ തല്‍കിയ കര്‍ഷകര്‍ക്കു നാലു മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിച്ചില്ലെന്ന പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസം വരെ തേങ്ങ നല്‍കിയവര്‍ക്കാണു കൃഷിഭവനില്‍ നിന്നും പണം നല്‍കിയത്. എന്നാല്‍, ജൂണ്‍ മുതല്‍ തേങ്ങ വിറ്റവരുടെ പണം ഇപ്പോഴും കുടിശ്ശികയായി അവശേഷിക്കുകയാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആദ്യമായാണ് പണം ലഭിക്കാന്‍ ഇത്രയും കാലതാമസം നേരിടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. എടച്ചേരി കളിയാംവെള്ളി പൊലിസ് സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന കൃഷിഭവനില്‍ അന്വേഷിച്ചപ്പോള്‍ ജില്ലയില്‍ കഴിഞ്ഞ നാലു മാസം സംഭരിച്ച തേങ്ങയുടെ വില ഒരിടത്തും നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ അത്യാവശ്യ ചിലവുകള്‍ വരുമ്പോഴാണ് തേങ്ങ വില്‍ക്കുന്നത്. പൊതുവിപണിയില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ തുക ലഭിക്കുന്നതിനാലാണ് കര്‍ഷകര്‍ കൃഷിഭവനില്‍ തേങ്ങ കൊടുക്കുന്നത്. കിലോയ്ക്ക് 25 രൂപ വച്ചാണ് കഴിഞ്ഞമാസങ്ങളില്‍ കൃഷിഭവന്‍ പച്ചത്തേങ്ങ സംഭരിച്ചത്. പണം ലഭിക്കാന്‍ അല്‍പം വൈകിയാലും പൊതുവിപണിയേക്കാള്‍ എട്ടു രൂപവരെ കൂടുതല്‍ വില ലഭിക്കുമെന്ന് കരുതി കൃഷിഭവനില്‍ തേങ്ങ നല്‍കിയവരാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്.
ഇവരില്‍ പലരും താല്‍ക്കാലിക ആവശ്യം നിറവേറ്റാന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും കടം വാങ്ങിയവരാണ്. എന്നാല്‍, കൃഷിഭവനില്‍ നിന്നു പണം ലഭിക്കാന്‍ വൈകുന്നതോടെ ഇവര്‍ കടം വീട്ടാനാവാതെ പ്രയാസപ്പെടുകയാണ്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തില്‍പരം കര്‍ഷകരാണ് തങ്ങളുടെ പേരു വിവരങ്ങള്‍ എടച്ചേരി കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃഷി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരഫെഡാണ് കൃഷിഭവനിലേക്കു തേങ്ങയുടെ വില നല്‍കേണ്ടത്. എന്നാല്‍ കേരഫെഡില്‍ നിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന സ്ഥിരം പല്ലവിയാണ് കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
തങ്ങള്‍ വിറ്റ തേങ്ങയുടെ വില എത്രയും പെട്ടെന്ന് ലഭിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരകര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."